തൃശൂരിൽ നിന്നുള്ള ലോക്സഭാഗംമായ സുരേഷ് ഗോപി “കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ” എന്ന് പറഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞ തുടങ്ങിയത്. പെട്രോളിയം – ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി കൂടിയാണ് സുരേഷ് ഗോപി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിട്ടുള്ള ഭാഷകളിലാണ് എംപിമാർ സത്യപ്രതിജ്ഞ ചെയ്തത്. സംസ്കൃതം, ഹിന്ദി, ദോംഗ്രി, ആസാമീസ്, ഒഡീയ എന്നീ ഭാഷകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യവേ ഭരണകക്ഷി അംഗങ്ങൾ ജയ് ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു.
advertisement
മറ്റ് പ്രധാനപ്പെട്ട മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അന്നപൂർണ ദേവി, ജ്യോതിരാദിത്യ സിന്ധ്യ, മനോഹർ ലാൽ ഘട്ടർ എന്നിവരും ഹിന്ദിയിൽ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സംബൽപുർ എം.പിയുമായ ധർമേന്ദ്ര പ്രധാൻ ഒഡിയയിലാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ മെഡിക്കൽ എൻട്രൻസ് പരീക്ഷാ നടത്തിപ്പിലെ പിടിപ്പുകേടുകളുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി എം.പിയായി സത്യപ്രതിജ്ഞ ചെയ്യവേ പ്രതിപക്ഷ എംപിമാർ “നീറ്റ്, നീറ്റ്” എന്ന് ഉറക്കെ ആരവം മുഴക്കുന്നുണ്ടായിരുന്നു.
വൈദ്യുതി, പാരമ്പര്യ ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് യെസ്സോ നായിക് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നോർത്ത് ഗോവ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറാം തവണയാണ് അദ്ദേഹം വിജയിച്ച് എംപിയാവുന്നത്.
വിദ്യാഭ്യാസ, വടക്കുകിഴക്കൻ മേഖല വികസന വകുപ്പുകളുടെ സഹമന്ത്രി സുഖന്ത മജുംദാർ ബംഗാളിയിൽ സത്യപ്രതിജ്ഞ ചെയ്തു. പൂനെ എം.പിയും വ്യോമയാന സഹമന്ത്രിയുമായ മുരളീധർ മോഹോൽ മറാത്തിയിൽ സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കശ്മീരിലെ ഉദ്ധംപുരിൽ നിന്ന് ജയിച്ച് എംപിയായ കേന്ദ്ര മന്ത്രി ജിതേന്ദർ സിങ് ദോംഗ്രിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയും തെലുഗുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഷിപ്പിങ്, തുറമുഖ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയും ആസ്സാമിലെ ദിബ്രുഗഡ് എംപിയുമായ സർബാനന്ദ സോനോവാൾ അസമീസ് ഭാഷയിലാണ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര മന്ത്രിമാരായ എച്ച് ഡി കുമാരസ്വാമിയും പ്രഹ്ളാദ് ജോഷിയും തങ്ങളുടെ മാതൃഭാഷയായ കന്നഡയിലും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ബിഹാറിലെ സരണിൽ നിന്നുള്ള ബിജെപി എം.പിയായ രാജീവ് പ്രതാപ് റൂഡി തനിക്ക് ബോജ്പുരിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.