TRENDING:

ലോക്‌സഭയിലെ സുരക്ഷാവീഴ്ച കേസിലെ പ്രതികള്‍ എങ്ങനെ ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് നേടി?

Last Updated:

സംഭവത്തിന് പിന്നാലെ കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷിയുമായി പ്രതാപ് കൂടിക്കാഴ്ച നടത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ലമെന്റിനുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം പ്രതിഷേധം നടത്തിയ പ്രതികളിലൊരാള്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷിയുമായി പ്രതാപ് കൂടിക്കാഴ്ച നടത്തി. വിഷയത്തിലെ തന്റെ നിലപാട് മന്ത്രിയെ അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതാപ് സിംഹ
പ്രതാപ് സിംഹ
advertisement

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തിലാണ് ഈ പ്രതിഷേധപ്രകടനം നടന്നത്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കളർ സ്മോക്ക് ഫോഗ് സ്പ്രേയുമായി രണ്ട് പുരുഷന്‍മാര്‍ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഡിസംബര്‍ 13ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം അരങ്ങേറിയത്. പ്രതികളിലൊരാള്‍ മഞ്ഞനിറത്തിലുള്ള സ്മോക്ക് ഫോഗ് ലോക്‌സഭാ ചേംബറിലേക്ക് സ്‌പ്രേ ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ആക്രമണം നടത്തിയവരിലൊരാള്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് ആണെന്ന് കണ്ടെത്തിയത്. ബിഎസ്പി എംപി ഡാനിഷ് അലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

advertisement

ഇത്തരം അക്രമികള്‍ക്ക് പാസ് അനുവദിച്ചതില്‍ പ്രതാപ് സിംഹയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു.

'' ബിജെപി എംപിയായ പ്രതാപ് സിംഹയെ വിശദമായി ചോദ്യം ചെയ്യണം. അദ്ദേഹത്തിന് പരിചയമുള്ളവരായിരിക്കും പാര്‍ലമെന്റ് സുരക്ഷ ഭേദിച്ചെത്തിയത്. പരിചയമില്ലാത്തവര്‍ക്ക് സന്ദര്‍ശക പാസ് എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞു?,'' സിദ്ധരാമയ്യ പറഞ്ഞു.

ആരാണ് ബിജെപി എംപി പ്രതാപ് സിംഹ?

മൈസൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും പാര്‍ലമെന്റിലെത്തിയയാളാണ് പ്രതാപ് സിംഹ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൈസൂര്‍ മണ്ഡലത്തില്‍ നിന്ന് 43.46 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52.27 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്.

advertisement

ഒരു മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം 2007ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം എഴുതിയിരുന്നു.

കര്‍ണാടകയിലെ സാകേലേഷ്പൂരിലാണ് അദ്ദേഹം ജനിച്ച് വളര്‍ന്നത്. ബിജെപി യുവജനവിഭാഗത്തിന്റെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴായി തന്റെ തീവ്ര ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയ നേതാവ് കൂടിയാണ് അദ്ദേഹം.

അതേസമയം പാര്‍ലമെന്റ് സുരക്ഷാ വീഴ്ച ചര്‍ച്ചയായതോടെ പ്രതാപ് സിംഹയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മൈസൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതാപ് സിംഹയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

advertisement

പാര്‍ലമെന്റ് ആക്രമണം

ലോക്‌സഭാ ചേംബറില്‍ ആക്രമണം നടത്തിയ കേസില്‍ മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സന്ദര്‍ശക ഗ്യാലറിയിലെത്തിയ ഇവര്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച കളർ സ്പ്രേ സഭയ്ക്കുള്ളില്‍ സ്‌പ്രേ ചെയ്യുകയായിരുന്നു. സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും പാര്‍ലമെന്റിനുള്ളിലെ അംഗങ്ങളുടെ ഡെസ്‌കിന് മേലെയാണ് ഇവര്‍ ചാടിവീണത്. ശേഷം പ്രതികളിലൊരാള്‍ കളർ സ്‌പ്രേ ചെയ്യുകയായിരുന്നു.

അതേസമയം ഇത്തരം കളർ സ്മോക്ക് സ്പ്രേയുമായി പാര്‍ലമെന്റിന് പുറത്ത് നിലയുറപ്പിച്ച മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിന്‍ഡെ, ഹരിയാന സ്വദേശി നീലം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

advertisement

പ്രതികളിലൊരാള്‍ പ്രതാപ് സിംഹയുടെ നിയോജകമണ്ഡലത്തില്‍ നിന്നുള്ളയാളാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പ്രതാപ് സിംഹയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മനോരഞ്ജന്‍ ഡി. ആണ് പ്രതാപ് സിംഹയുടെ ഓഫീസിലെത്തിയിരുന്നത്. ഇയാള്‍ തന്റെ സുഹൃത്തായ സാഗര്‍ ശര്‍മ്മയ്ക്ക് കൂടി സന്ദര്‍ശക പാസ് അനുവദിക്കണമെന്ന് പ്രതാപ് സിംഹയുടെ ഓഫീസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരുവര്‍ക്കും സന്ദര്‍ശക പാസ് ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭയിലെ സുരക്ഷാവീഴ്ച കേസിലെ പ്രതികള്‍ എങ്ങനെ ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് നേടി?
Open in App
Home
Video
Impact Shorts
Web Stories