ഭൂരിഭാഗം മുസ്ലീം ഭൂരിപക്ഷ സര്‍ക്കാരുകളും മതപരമായ ഐക്യദാര്‍ഢ്യത്തേക്കാള്‍ ഭൂരാഷ്ട്രതന്ത്രങ്ങള്‍ക്കും സാമ്പത്തിക താത്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യയിലെ നയതന്ത്രവൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവ വ്യാപാരം, ഊര്‍ജ കയറ്റുമതി, തൊഴില്‍ എന്നിവയ്ക്കായി ഇന്ത്യയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇത് പാകിസ്ഥാനെ നിരുപാധികമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മുസ്ലീം ലോകം പാകിസ്ഥാനെ ഒന്നിച്ച് പിന്തുണയ്ക്കുന്നതിന് പകരം തന്ത്രപരമായ സംയമനത്തിലൂടെയാണ് പ്രതികരിച്ചതെന്ന് അവര്‍ പറഞ്ഞു.
advertisement
ഇറാനും തുര്‍ക്കിയും നയതന്ത്ര ഐക്യദാര്‍ഢ്യത്തിന് നീക്കങ്ങള്‍ നടത്തി വരികയാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക, പ്രാദേശിക സ്ഥിരതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഇറാന്‍
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ ഇറാന്‍ ഇതിനോടകം തന്നെ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിന് പകരം നിഷ്പക്ഷ കക്ഷിയായി നിലകൊള്ളുകയാണ് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യ പാക് സംഘര്‍ഷങ്ങളില്‍ ഇറാന്‍ മിക്കപ്പോഴും നിശബ്ദത പാലിക്കുകയാണ് ചെയ്തുവരുന്നത്. കൂടാതെ യുഎസുമായും സൗദി അറേബ്യയുമായുമുള്ള സ്വന്തം സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു വരികയാണ്.
സൗദി അറേബ്യ
വളരെ കൃത്യവും പ്രായോഗികവുമായുള്ള ഒരു നിലപാടാണ് വിഷയത്തില്‍ സൗദി അറേബ്യ സ്വീകരിച്ചുവരുന്നതെന്ന് ഒരു വൃത്തം അറിയിച്ചു. "ശക്തമായ പരസ്യ പ്രസ്താവനകള്‍ അവര്‍ പുറത്തിറക്കിയിട്ടില്ല. മുമ്പും പരമ്പരാഗത സഖ്യകക്ഷിയായ പാകിസ്ഥാനുമായും നിര്‍ണായക സാമ്പത്തിക പങ്കാളിയായ ഇന്ത്യയുമായും അവര്‍ ബന്ധം സന്തുലിതമായി നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്," അദ്ദേഹം പറഞ്ഞു.
പരസ്യ പ്രതികരണത്തേക്കാള്‍ കൂടുതല്‍ നിശബ്ദമായ പ്രതികരണത്തിലൂടെ സൗദി സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുന്നതായി സൂചിപ്പിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയെ നേരിട്ട് വിമര്‍ശിക്കുന്നത് സൗദി അറേബ്യ ഒഴിവാക്കുകയും 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കുകയും ചെയ്തു.
'വിഷന്‍ 2030' എന്ന പദ്ധതിയിൽ തങ്ങളുടെ സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൗദി ആഗ്രഹിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ് അവരുടെ ഇപ്പോഴത്തെ മൗനമെന്നും അത് ഇന്ത്യക്ക് ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി.
ഖത്തര്‍
ഖത്തര്‍ പാകിസ്ഥാനെ ഇതുവരെയും പരസ്യമായി പിന്തുണച്ചിട്ടില്ല. 2017-2021 ഗള്‍ഫ് ഉപരോധത്തില്‍ നിന്ന് കരകയറുന്നതിലും പ്രാദേശിക തര്‍ക്കങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ഖത്തര്‍ ഇന്ത്യയെ അപലപിക്കുന്നത് ഒഴിവാക്കുകയും പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു.
ഗള്‍ഫ് ഉപരോധത്തിന് ശേഷമുള്ള ഖത്തിറിന്റെ വിദേശനയം പ്രത്യയശാസ്ത്രപരമായ ഐക്യദാര്‍ഢ്യത്തേക്കാള്‍ സാമ്പത്തിക ബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
യുഎഇ
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീജല ഉടമ്പടി താത്കാലികമായി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുഎഇ വിമര്‍ശിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നു.
ഇന്ത്യയുമായി ശക്തമായ സാമ്പത്തിക ബന്ധം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്ന് നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ ഇന്ത്യയുടെ ആഭ്യന്തരകാര്യമായാണ് യുഎഇ പരിഗണിച്ചത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി വ്യാപാര, സുരക്ഷാ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു.
2025ല്‍ ഗള്‍ഫ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനൊപ്പം ഇന്ത്യന്‍ തൊഴിലാളികളെയും നിക്ഷേപത്തെയും ആശ്രയിക്കുന്നതിലൂടെയും യുഎഇയുടെ സന്തുലിതമായ നിലപാട് വൃക്തമാണെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
2024ല്‍ ഇന്ത്യയുമായി 85 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് യുഎഇ നടത്തിയത്. ഇത് പാകിസ്ഥാനുമായുള്ള പരമ്പരാഗത ബന്ധത്തെ അവഗണിക്കാന്‍ കാരണമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി
കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എക്കാലത്തും പാകിസ്ഥാനെയാണ് പിന്തുണച്ചു വരുന്നത്. എന്നാല്‍, തുര്‍ക്കിയുടെ ഇന്ത്യയുമായുള്ള വ്യാപാരം വർഷംതോറും വര്‍ധിച്ചുവരികയാണ്. 2024ല്‍ 10 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് അവര്‍ ഇന്ത്യയുമായി നടത്തിയത്. അതിനാല്‍ അവര്‍ പരിമിതികള്‍ നേരിടുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
പഹല്‍ഗാം വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്ന നയതന്ത്രപരമായ പ്രസ്താവനകള്‍ മാത്രമായിരുന്നു അവരുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ ഇന്ത്യയുടെ നീക്കത്തെ തുര്‍ക്കി അപലപിക്കുകയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചില്ല.
2025ലെ തുര്‍ക്കിയുടെ നിശബ്ദമായ പ്രതികരണം ഇന്ത്യയുമായുള്ള അവരുടെ സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്നതാണെന്നും ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.