"ഒരുപാട് വർഷങ്ങളായി ജയിൽ ഞാൻ അനുഭവിക്കുന്നു. അവസാനത്തെ 32 മണിക്കൂർ എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എനിക്ക് പിന്തുണ നൽകിയ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നെ വിശ്വസിച്ചതിന് തമിഴ്നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി പറയുന്നു" - നളിനിയുടെ വാക്കുകൾ.
നളിനി ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും ഇതോടെ മോചിതരായി. നളിനിക്കു പുറമേ, മുരുകൻ, രവിചന്ദ്രൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ മോചിപ്പിക്കാനാണ് ഉത്തരവ്. നേരത്തേ കേസിൽ പേരറിവാളൻ ജയിൽമോചിതനായിരുന്നു. പേരറിവാളന്റെ മോചനം മറ്റുള്ളവർക്കും ബാധകമാണെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.
advertisement
Also Read- രാജീവ് ഗാന്ധി വധക്കേസില്‍ നളിനി അടക്കം മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി ശ്രീഹരൻ. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ആറു പേരുടെയും മോചനം. പേരറിവാളനെ മോചിപ്പിച്ച വിധി കേസിലെ മറ്റുള്ളവർക്കും ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. 2000ൽ നളിനിയുടെയും 2014 ൽ പേരറിവാളൻ ഉൾപ്പെടെ മൂന്നു പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
എന്നാൽ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് നിരാശാജനകമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. നടപടി അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. മോചിപ്പിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് നളിനിയും രവിചന്ദ്രനും സുപ്രിംകോടതിയെ സമീപിച്ചത്. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
