''എനിക്ക് ആറ് കുട്ടികളുണ്ട്. എന്റെ താടി നരച്ചു തുടങ്ങി. ഒരാൾക്ക് നാല് കുട്ടികൾ വേണമെന്ന് ആരോ പറഞ്ഞു. എന്തുകൊണ്ട് നാലിൽ നിറുത്തി. എട്ട് കുട്ടികളെ പ്രസവിക്കൂ, ആരാണ് നിങ്ങളെ തടയുന്നത്,'' മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന ഒരു റാലിയിൽ പ്രസംഗിക്കവെ ഒവൈസി പറഞ്ഞു.
കൂടുതൽ കുട്ടികൾ വേണമെന്ന് ആഹ്വാനം ചെയ്ത ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും പ്രസ്താവനകളും ഒവൈസി ഓർമിപ്പിച്ചു. ''എല്ലാവരും കൂടുതൽ കുട്ടികൾ വേണമെന്ന് പറയുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ ഇത് ചെയ്യാത്തത്? 20 കുട്ടികൾ വേണമെന്ന് ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഇത് എന്തൊരു തമാശയാണ്,'' അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വിവാദമായ പ്രസ്താവന
വൻതോതിൽ കുട്ടികൾക്ക് ജന്മം നൽകി ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ചിലരുടെ പദ്ധതിയെ നേരിടാൻ ഹിന്ദുക്കൾ കുറഞ്ഞത് മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണമെന്ന് കഴിഞ്ഞ മാസം നവ്നീത് റാണ ആഹ്വാനം ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
''എല്ലാ ഹിന്ദുക്കളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ ആളുകൾ പരസ്യമായി പറയുന്നത് തങ്ങൾക്ക് നാല് ഭാര്യമാരും 19 കുട്ടികളുമുണ്ടെന്നാണ്. നമ്മൾ കുറഞ്ഞത് മൂന്ന് മുതൽ നാല് കുട്ടികളെ വരെ പ്രസവിക്കണമെന്നാണ് ഞാൻ നിർദേശിക്കുന്നത്,'' റാണ പറഞ്ഞു.
''അദ്ദേഹം മൗലവിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അദ്ദേഹത്തിന് 19 കുട്ടികളും നാല് ഭാര്യമാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് 30 കുട്ടികളുടെ ക്വാറം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ധാരാളം കുട്ടികളെ പ്രസവിച്ചുകൊണ്ട് ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കി മാറ്റാൻ അവർ പദ്ധതിയിടുന്നു. പിന്നെ എന്തിനാണ് ഒരു കുട്ടിയെക്കൊണ്ട് നമ്മൾ തൃപ്തിപ്പെടേണ്ടത്. നമ്മൾ മൂന്ന് മുതൽ നാല് കുട്ടികളെ വരെ പ്രസവിക്കണം,'' അവർ കൂട്ടിച്ചേർത്തു.
പിന്നാലെ ആർ.എസ്.എസിൻരെയും ബിജെപിയുടെയും ഇത്തരം ഭ്രാന്തമായ ചിന്ത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി. മാണിക്കം ടാഗോറും രംഗത്തെത്തി.
''നമ്മൾ എണ്ണത്തിൽ ശാസ്ത്രീയരായിരിക്കണം. അത്തരം അന്ധവിശ്വാസപരമോ അശാസ്ത്രീയപരമോ ആയ രീതി പിന്തുടരരുത്. ഇന്ത്യയുടെ ജനസംഖ്യാവളർച്ച ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജനസംഖ്യ സ്ഥിരപ്പെടുത്താൻ കഴിയാത്ത സംസ്ഥാനങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഇത്തരം ഭ്രാന്തമായ ചിന്തകൾ അവസാനിപ്പിക്കണം,'' അദ്ദേഹം പറഞ്ഞു.
