കേസിൽ വാദ്രയെ പ്രതിയാക്കുന്നത് ഇതാദ്യമായാണ്. ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തത്.
കഴിഞ്ഞ മാസം രണ്ടുതവണ ഈ കേസിൽ ചോദ്യം ചെയ്യലിനായി വാദ്രയെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ ആദ്യ സമൻസ് സമയത്ത് സുഖമില്ലെന്നും പിന്നീട് പ്രാദേശിക കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്തേക്ക് പോയതിനാലും ചോദ്യം ചെയ്യലിനായി ഹാജരായില്ലായിരുന്നു.
വാദ്രയ്ക്കെതിരെ മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.അതിൽ രണ്ടെണ്ണം ഹരിയാനയിലും രാജസ്ഥാനിലും നടന്ന ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്. 2008 ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കേസ്.
advertisement
2023-ലെ കുറ്റപത്രത്തിലെ ഇഡി കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസ്. സഞ്ജയ് ഭണ്ഡാരി 2009-ൽ ലണ്ടനിലെ 12, ബ്രയാൻസ്റ്റൺ സ്ക്വയറിൽ ഒരു വസ്തു സ്വന്തമാക്കിയെന്നും വദ്രയുടെ നിർദ്ദേശപ്രകാരം അത് പുതുക്കിപ്പണിതെന്നും പുനരുദ്ധാരണത്തിനുള്ള ഫണ്ട് റോബർട്ട് വാദ്ര നൽകിയെന്നും ആ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ലണ്ടനിലെ സ്വത്തിന്റെ നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശം വാദ്ര നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഡൽഹിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടർന്ന് 2016 ൽ 63 കാരനായ സഞ്ജയ് ഭണ്ഡാരി ഇന്ത്യയിൽ നിന്ന് കടന്നിരുന്നു. ഈ വർഷം ആദ്യം ഡൽഹി കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
