ഫാറൂഖിയുടെ രക്ഷിതാക്കളാണ് ചൗധരിയെ കണ്ട് കേസ് വാദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ചൗധരി. കോൺഗ്രസ് നേതാവ് ഐസിസ് ബന്ധമുള്ള വിദ്യാർഥിയുടെ കേസ് ഏറ്റെടുത്തത് സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുകയാണ്. ആസാം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടുതൽ വോട്ട് നേടാൻ വേണ്ടിയാണ് ചൗധരി ഈ കേസ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. “വോട്ട് നേടാൻ അഹമ്മദ് ചൗധരി ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങളാണ് ഇപ്പോൾ ആസാം ഭരിക്കുന്നതെന്ന് ആരും മറക്കേണ്ട. നിയമം ലംഘിക്കുന്നവരെ ആരെയും ഞങ്ങൾ വെറുതെ വിടില്ല,” ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
advertisement
നിയമം പാലിച്ച് കൊണ്ട് മാത്രമേ എല്ലാ ആശയവിനിമയവും നടക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. “നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാവും,” അദ്ദേഹം പറഞ്ഞു. ഫാറൂഖിയുമായി ബന്ധപ്പെട്ട കേസിൻെറ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവിനെ മകൻെറ കേസ് വാദിക്കുന്ന അഭിഭാഷകനായി ചുമതലപ്പെടുത്തിയെന്ന് ഫാറൂഖിയുടെ പിതാവ് അജ്മത്ത് അലി ഫാറൂഖി മാധ്യമങ്ങളോട് പറഞ്ഞു. “ഐസിസിലേക്ക് മകൻ എങ്ങനെയാണ് ആകർഷിക്കപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. ചെറുപ്പകാലം മുതലേ നല്ല മാർക്ക് നേടി പാസ്സായിട്ടുള്ള ഒരു വിദ്യാർഥിയാണ് അവൻ. 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയാണ് അവൻ വിജയിച്ചത്. എങ്ങനെയാണ് ഈയൊരു കെണിയിൽ പെട്ടതെന്ന് അറിയില്ല. ഇന്ത്യൻ ഭരണഘടനയെ ഞാൻ എക്കാലത്തും ബഹുമാനിക്കുന്നു. പോലീസുമായി എപ്പോഴും സഹകരിക്കും,” അദ്ദേഹം വ്യക്തമാക്കി.
ഫാറൂഖിയുടെ കേസുമായി ബന്ധപ്പെട്ട് വടക്കൻ ഗുവാഹത്തിയിലെ പള്ളി ഇമാമായ ഗുൽജർ ഹുസൈനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഫാറൂഖി ഈ പള്ളിയിലെ നിത്യസന്ദർശകനായിരുന്നു. “ഫാറൂഖി പള്ളിയിൽ വരുന്നത് പ്രാർഥനയ്ക്ക് വേണ്ടിയാണ്. ഇടയ്ക്ക് ഞാനുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ രാജ്യവിരുദ്ധ കാര്യങ്ങളൊന്നും ഇതുവരെ ചർച്ച ചെയ്തിട്ടില്ല,” ഗുൽജർ പോലീസിനോട് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ താൻ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഫാറൂഖി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിനെ തുടർന്നാണ് മാർച്ച് 24ന് അറസ്റ്റിലാവുന്നത്. ഐഐടി ഗുവാഹത്തിയിലെ അവസാന വർഷ ബയോടെക്നോളജി വിദ്യാർഥിയാണ്. ഫാറൂഖിക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഫാറൂഖി കത്ത് പുറത്ത് വിട്ടത്. വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അത് കണ്ടെത്താൻ സാധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.