നോര്‍ത്ത് 24 പര്‍ഗാനാസ്, മര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സമീപ ദിവസങ്ങളില്‍ ഈ തിരിച്ചുപോക്ക് ഗണ്യമായി വര്‍ദ്ധിച്ചതായും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചെറിയ ബാഗുകളും വ്യക്തിഗത സാധാനങ്ങളുമായി ആളുകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ നിലയുറപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നീണ്ട ക്യൂകള്‍ കാണാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ അന്വേഷിച്ച് ഇന്ത്യയിലെത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന് ഇവര്‍ തന്നെ പരസ്യമായി സമ്മതിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
അപ്രതീക്ഷിതമായുള്ള അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചുപോക്ക് ബിഎസ്എഫിനും സംസ്ഥാന പോലീസിനും കൂടുതല്‍ ജോലി ഭാരം സൃഷ്ടിച്ചിരിക്കുകയാണ്. കാരണം ഇവരില്‍ ഓരോരുത്തരെയും ബയോമെട്രിക് സ്‌ക്രീനിംഗ്, വിശദമായ ചോദ്യം ചെയ്യല്‍, ക്രിമിനല്‍ പശ്ചാത്തലം അറിയുന്നതിനുള്ള പരിശോധനകള്‍ എന്നിവയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. ബംഗ്ലാദേശിലും സമാനമായ പരിശോധനകള്‍ നടക്കും.
ആരെങ്കിലും നിയമവിരുദ്ധമായി കടക്കുന്നത് പിടിക്കപ്പെട്ടാല്‍ വീട്ടിലേക്ക് മടങ്ങുന്ന ദിവസ വേതനക്കാരനായി അയാളെ കണക്കാക്കാനാകില്ല. അവര്‍ ഇവിടെ കുറ്റം ചെയ്തിട്ട് ഓടിപോകുന്നതോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മതമൗലികവാദിയോ തീവ്രവാദ ഘടകത്തിലെ അംഗമോ ആകാമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംസ്ഥാന പോലീസിന്റെ കൈവശമുള്ള കേസുകള്‍ ഇവരുടെ ബയോമെട്രിക് വിവരങ്ങളുമായി താരതമ്യം ചെയ്യും. കൂടാതെ എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ കിട്ടിയാല്‍ പോലീസ് ഇതില്‍ ഇടപെടുകയും ചെയ്യും.
എന്തെങ്കിലും ക്രിമിനല്‍ വശം കണ്ടെത്തിയാല്‍ അത്തരം ആളുകളെ സംസ്ഥാന പോലീസിന് കൈമാറും. എന്നാല്‍ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിക്കുകയും ഇപ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരെ ഉചിതമായ നടപടിക്രമങ്ങള്‍ പാലിച്ച് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിനെ സമീപിക്കും. ഇവര്‍ അംഗീകരിച്ചാല്‍ ഇത്തരം ആളുകളെ മടക്കി അയക്കും. അല്ലെങ്കില്‍ വ്യത്യസ്തമായ ഒരു പ്രക്രിയ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
