എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഗതി മാറ്റിയ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ലയെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്കറിയാം? ആഘോഷങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കാനുള്ള കാരണമെന്താണെന്ന് അറിയോ ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം മഹാത്മാഗാന്ധി ന്യൂഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ആ സമയം അദ്ദേഹം കൊല്‍ക്കത്തയിലായിരുന്നു. ഇന്ത്യാവിഭജനത്തിന് പിന്നാലെയുണ്ടായ സാമുദായിക കലാപങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കൊല്‍ക്കത്തയിലെത്തിയത്. സംഘര്‍ഷഭരിത പ്രദേശങ്ങളിലെ ജനങ്ങളില്‍ ഐക്യവും സമാധാനവും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം അന്ന് നിരാഹാര സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
advertisement
1947- ആഗസ്റ്റ് 9-നാണ് ഗാന്ധിജി കൊല്‍ക്കത്തയിലെത്തിയത്. അന്ന് മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ജില്ലാ മുസ്ലീം ലീഗിന്റെ പ്രതിനിധികള്‍ ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയിരുന്നു.കലാപകലുഷിതമായ ഈ സമയത്ത് മുസ്ലീം സമുദായത്തിന്റെ സുരക്ഷയുറപ്പാക്കുന്നതിനായി കൊല്‍ക്കത്തയില്‍ തന്നെ നില്‍ക്കണമെന്ന് അവര്‍ ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട ഗാന്ധിജി അവരോട് മറ്റൊരു കാര്യം ആവശ്യപ്പെട്ടു.
മറ്റൊന്നുമല്ല. നവ്ഖാലിയിലെ ന്യൂനപക്ഷ സമുദായത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനുസാധിച്ചാല്‍ അവിടേക്കുള്ള യാത്ര താന്‍ നീട്ടിവെയ്ക്കാമെന്നും ഗാന്ധിജി അവരോട് പറഞ്ഞു. നവ്ഖാലിയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ മരണം വരെ താന്‍ നിരാഹാരം അനുഷ്ടിക്കുമെന്ന് അദ്ദേഹം അവരോട് പറയുകയും ചെയ്തു.
പിന്നാലെ മുന്‍ ബംഗാള്‍ പ്രീമിയര്‍ ആയിരുന്ന എച്ച്.എസ് സുഹ്രവാര്‍ഡിയുമായും ഗാന്ധിജി കൂടിക്കാഴ്ച നടത്തി. മുസ്ലീം സമുദായത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ സുഹ്രവാര്‍ഡിയും പങ്കുവെച്ചു. ഈ സമയത്ത് താന്‍ കൊല്‍ക്കത്തയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നവ്ഖാലിയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ഗാന്ധി സുഹ്രാവാര്‍ഡിയോടും അഭ്യര്‍ത്ഥിച്ചു.
1947 ആഗസ്റ്റ് 14ന് ഇന്ത്യയുടെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് തന്നോടൊപ്പം 24 മണിക്കൂര്‍ ഉപവാസത്തില്‍ പങ്കെടുക്കണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ പേരക്കുട്ടിയും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി ഒരിക്കല്‍ പറഞ്ഞു.
ആഗസ്റ്റ് 15നെ തന്റെ ജീവിതത്തിലെ ഒരു സാധാരണ ദിനമായാണ് ഗാന്ധിജി കണ്ടത്. എന്നത്തേയും പോലെ അന്നും വെളുപ്പിന് 3.45 ഉണര്‍ന്ന ഗാന്ധിജി തന്റെ പതിവ് രീതികള്‍ തുടര്‍ന്നു. നിരവധി പേര്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യദിനാശംസകളുമായി എത്തിയിരുന്നു. എന്നാല്‍ ആഘോഷങ്ങളിലൊന്നും തന്നെ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആ ദിവസം പ്രാര്‍ത്ഥനകളില്‍ മുഴുകിയും ചര്‍ക്കയില്‍ നൂല്‍ നൂറ്റും അദ്ദേഹം തള്ളിനീക്കി.