കൊലപാതകവുമായി ഇന്ത്യക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഒന്നുമില്ലെന്നും കാനഡയുടെ അവകാശവാദങ്ങള്‍ക്ക് അവർ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകളെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എപ്പോഴെങ്കിലും ലക്ഷ്യം വെച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്ന് കാനഡയിലെ ട്രൂഡോ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കാനഡ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഈ പരാമര്‍ശങ്ങള്‍ എന്ന ഇന്ത്യയുടെ അവകാശവാദത്തോട് യോജിക്കുന്നതാണ് സഞ്ജയ് കുമാര്‍ വര്‍മ്മയുടെ പ്രസ്താവന.
advertisement
ഇന്ത്യ-കാനഡ വിവാദം
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊലപാതകങ്ങൾ, കൊള്ളയടിക്കൽ മുതലായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കനേഡിയൻ സര്‍ക്കാര്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് കുമാറിന്റെ പരാമര്‍ശം. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് ''വിശ്വസനീയമായ തെളിവുണ്ടെന്ന്'' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണത്.
ഇതിന് മറുപടിയായി ഇന്ത്യയുടെ സഞ്ജയ് കുമാര്‍ വര്‍മ ഉള്‍പ്പെടെ ആറ് നയതന്ത്രജ്ഞരെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ കനേഡിയന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് സ്റ്റുവര്‍ട്ട് വീലറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും ഇന്ത്യയും പുറത്താക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഡല്‍ഹി വിട്ടത്. ഇന്ത്യ തങ്ങളുടെ ഹൈക്കമ്മിഷണറെയും അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു.
'ഒരു തെളിവുമില്ല'
നിജ്ജറിന്റെ കേസില്‍ താത്പര്യമുള്ളവരാണെന്നത് സംബന്ധിച്ച് ആര്‍സിഎംപി വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും അതിന് ശേഷമാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞിരുന്നു. അതേസമയം, ജോളി നടത്തിയത് രാഷ്ട്രീയ പ്രേരിത പ്രസ്താവനയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആരോപിച്ചു. ''അവര്‍ പറയുന്ന വ്യക്തമായ തെളിവുകള്‍ എന്താണെന്ന് ഞാന്‍ പരിശോധിക്കട്ടെയെന്നും ഏത് കൊലപാതകവും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ നല്‍കാന്‍ ആര്‍സിഎംപിയുടെ ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. പ്രതിനിധി സംഘത്തിന് വിസ ലഭിക്കാത്തതുള്‍പ്പടെ സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും മറച്ചുവയ്ക്കാനുണ്ടെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ കാനഡയോട് തെളിവുകള്‍ ചോദിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളുമായും മറ്റ് സംഘങ്ങളുമായും ബന്ധപ്പെട്ട സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാരുമായി പങ്കുവെച്ചതായും അവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ഇന്ത്യ വ്യാഴാഴ്ച അറിയിച്ചിരുന്നു. ''എന്നാല്‍, ഇക്കാര്യത്തില്‍ ഒട്ടാവ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. കൂടാതെ, ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഞങ്ങളുടെ സുരക്ഷാ പ്രശ്‌നത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,'' വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.