"പുൽവാമയിൽ നമ്മുടെ സുരക്ഷാസേനയ്ക്ക് എതിരെ ഭീകരാക്രമണം നടത്തിയത് സമ്മതിക്കാതെ നിഷേധിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിപാടിൽ അത്ഭുതമില്ല. ഈ ഭീകരാക്രമണത്തെ അപലപിക്കാനോ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാനോ പാക് പ്രധാനമന്ത്രി തയ്യാറാകില്ല" - വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പുൽവാമ: ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ
പഠാൻകോട്ട് ആക്രമണത്തിലും ന്യൂഡൽഹിയിൽ ഉണ്ടായ ആക്രമണത്തിലും പാകിസ്ഥാൻ സ്വീകരിച്ച നിലപാടുകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യ തെളിവുകൾ നൽകുകയാണെങ്കിൽ അന്വേഷിക്കാമെന്നാണ് പാകിസ്ഥാൻ പറയുന്നത്. ഇതൊരു ദുർബലമായ ഒഴികഴിവാണ്. 26/11 മുംബൈ ആക്രമണത്തിൽ പാകിസ്ഥാന് തെളിവുകൾ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷമായി ആ കേസിന് ഒരു അനക്കവുമില്ല. അതുപോലെ തന്നെ പഠാൻകോട്ട് ആക്രമണവും. പുതിയ ചിന്തകളുടെ പുതിയ പാകിസ്ഥാൻ എന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, ഈ പുതിയ പാകിസ്ഥാനിൽ മന്ത്രിമാർ ഹഫീസ് സയീദിനെപ്പോലുള്ള ഭീകരവാദികളുമായാണ് വേദി പങ്കിടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
advertisement
യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്ഥാന്‍റെ മേൽ ആരോപിച്ചിരിക്കുകയാണെന്ന് ആയിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് പറഞ്ഞത്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയുടെ ആരോപണവും ഇമ്രാൻ ഖാൻ നിഷേധിച്ചു. ഇന്ത്യയെ ആക്രമിച്ചിട്ട് പാകിസ്ഥാന് എന്ത് നേട്ടം ലഭിക്കാനാണ്. സ്ഥിരതയോടെ മുന്നോട്ടു പോകാൻ ശ്രമിക്കുന്ന ഒരു രാജ്യമാണ് തങ്ങളുടേത്. തങ്ങളെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അന്വേഷണവുമായി പാകിസ്ഥാൻ സഹകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.
