'ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുത്വവാദികളുടേതല്ല. രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുമ്പോൾ ജനങ്ങൾ ദുരിതത്തിലാകുന്നു. ഇതിന് കാരണക്കാർ ഹിന്ദുത്വവാദികളാണ്. ഹിന്ദുത്വവാദികൾക്ക് ഏത് സാഹചര്യത്തിലും അധികാരം മാത്രം മതി" പണപ്പെരുപ്പം വർദ്ധിക്കുന്നതിനെതിരെ നടത്തിയ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
"കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മോദിയും അദ്ദേഹത്തിന്റെ മൂന്ന് നാല് വ്യവസായി സുഹൃത്തുക്കളും ചേർന്ന് രാജ്യത്തെ നശിപ്പിച്ചുവെന്നും", രാഹുൽ ആരോപിച്ചു. ഹിന്ദുവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത വാക്കുകളാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, രണ്ട് ജീവികൾക്ക് ഒരു ആത്മാവ് ഉണ്ടാകില്ല, അതുപോലെ രണ്ട് വാക്കുകൾക്കും ഒരേ അർത്ഥം അല്ലെന്നും പറഞ്ഞു. ആരെയും ഭയക്കാതെ, എല്ലാവരെയും ചേർത്തു നിർത്തുന്നവനാണ് ഹിന്ദു. മഹാത്മാഗാന്ധി ഒരു ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഒരു ഹിന്ദുത്വവാദിയും, ഒരു ഹിന്ദു എപ്പോഴും മഹാത്മാഗാന്ധിയെപ്പോലെ സത്യാന്വേഷിയായിരിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ ഒടുവിൽ ഒരു ഹിന്ദുത്വവാദി അദ്ദേഹത്തിന്റെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തുവെന്നും രാഹുൽ പറഞ്ഞു.
advertisement
ആരെ കൊല്ലേണ്ടി വന്നാലും ഹിന്ദുത്വവാദി തന്റെ ജീവിതം മുഴുവൻ അധികാരത്തിനായി ചെലവഴിക്കുന്നു. "ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിന്ദുത്വവാദികളെ ഒരിക്കൽ കൂടി പുറത്താക്കി രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണമെന്നും’ അദ്ദേഹം പറഞ്ഞു.
രാഹുലിന് മുമ്പ് റാലിയിൽ സംസാരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. 70 വർഷം കൊണ്ട് തങ്ങളുടെ പാർട്ടി കെട്ടിപ്പടുത്തതെല്ലാം മോദി സർക്കാർ വ്യവസായ സുഹൃത്തുക്കൾക്ക് വിൽക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു
ജനങ്ങളുടെയും കർഷകരുടെയും നന്മയ്ക്കായി പ്രവർത്തിക്കുന്നതിന് പകരം ചില വ്യവസായി സുഹൃത്തുക്കൾക്കായി സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. “രണ്ട് തരത്തിലുള്ള സർക്കാരുണ്ട്. പൊതുജനങ്ങളോടുള്ള സേവനവും അർപ്പണബോധവും സത്യസന്ധതയുമാണ് ഒരു വിഭാഗം സർക്കാരിന്റെ ലക്ഷ്യം. നുണയും അത്യാഗ്രഹവും കൊള്ളയും ലക്ഷ്യമിടുന്ന സർക്കാരാണ് മറ്റൊന്ന്. നിലവിലെ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം നുണയും അത്യാഗ്രഹവും കൊള്ളയുമാണെന്നും പ്രിയങ്ക ആരോപിച്ചു.
70 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് മോദി സർക്കാർ ആവർത്തിച്ച് ചോദിക്കുന്നു. എന്നാൽ 70 വർഷത്തെ കാര്യം പോട്ടെ, ഏഴു വർഷമായി നിങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങളോട് പറയൂ, പ്രിയങ്ക ഗാന്ധി ആരാഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപി നേതാക്കൾ ചൈനയെക്കുറിച്ചോ മറ്റ് രാജ്യങ്ങളെക്കുറിച്ചോ ജാതീയതയെക്കുറിച്ചോ വർഗീയതയെക്കുറിച്ചോ സംസാരിക്കും എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. മോദി സർക്കാർ കഴിഞ്ഞ ഏഴ് വർഷത്തെ ഭരണത്തിൽ എന്താണ് ചെയ്തതെന്നും അവർ ചോദിച്ചു. “സർക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, എന്തുകൊണ്ടാണ് ഇത്രയധികം വിലക്കയറ്റം എന്ന് ചോദിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്,” സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രിയങ്ക പറഞ്ഞു.
