മുൻവിധിയോടെയാണ് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ”നിജ്ജാർ കേസ് സംബന്ധിച്ച്, പ്രത്യേക വിവരങ്ങളൊന്നും കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. അവർ പറയുന്ന വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങൾ ചില വ്യക്തികളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും കാനഡ അതിൽ നടപടിയെടുത്തിട്ടില്ല”, വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ന്യൂ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ ആവശ്യത്തിലധികം കനേഡയിൻ നയതന്ത്ര ഉദ്യോഗസ്ഥരുണ്ടെന്നും കാനഡയിൽ അത്രത്തോളം ഇന്ത്യൻ ഉദ്യോഗസ്ഥരില്ലെന്നും അരിന്ദം ബാഗ്ചി ചൂണ്ടിക്കാണിച്ചിരുന്നു.
advertisement
നിലവിൽ ഇന്ത്യയിൽ കാനഡയിൻ 62 നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്.കാനഡയിൽ നിന്നുള്ള എല്ലാത്തരം വിസകളും സസ്പെൻഡ് ചെയ്തതായും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. കനേഡിയൻ സർക്കാർ അക്രമികളെ പിന്തുണക്കുന്നതും സർക്കാരിന്റെ നിഷ്‌ക്രിയത്വവും ആണ് അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഹർദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചിരുന്നു. ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ നീക്കത്തിനു പിന്നാലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തു വെച്ചായിരുന്നു സംഭവം. ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്‌ഐഎസ്) നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നും ഇന്ത്യയിലെ അന്വേഷണ വൃത്തങ്ങൾ പറയുന്നു. യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടികയും എൻഐഎ പുറത്തുവിട്ടിരുന്നു.