ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശം നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരുവശത്ത് ഇന്ത്യയുടെ സഹായസഹകരണങ്ങൾ തേടുകയും മറുവശത്ത് ഭീകവാദത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന അയൽ രാജ്യങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല അയൽപക്ക ബന്ധങ്ങളും തുടർച്ചയായ ഭീകരപ്രവർത്തനങ്ങളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പാകിസ്ഥാനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"തീവ്രവാദം തുടരുന്ന മോശം അയൽക്കാരുടെ കാര്യത്തിൽ, ഇന്ത്യയ്ക്ക് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവുമുണ്ട്, സാധ്യമായതെല്ലാം ചെയ്യും. ഞങ്ങളുടെ വെള്ളം നിങ്ങളുമായി പങ്കിടാൻ നിങ്ങൾക്ക് ഞങ്ങളോട് അഭ്യർത്ഥിക്കാനും ഞങ്ങളുടെ രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കാനും കഴിയില്ല," മദ്രാസ് ഐഐടിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ ജയശങ്കർ പറഞ്ഞു.
"സാമാന്യ ബുദ്ധി അനുസരിച്ചാണ് ഇന്ത്യ കാര്യങ്ങളെ സമീപിക്കുന്നത്. സഹകരണപരമായ അയൽക്കാരെയും ശത്രുതാപരമായ അയൽക്കാരെയും ഇന്ത്യ വ്യക്തമായി വേർതിരിച്ചറിയുന്നു. ഒരു രാജ്യം മനഃപൂർവ്വം, സ്ഥിരമായി, പശ്ചാത്താപമില്ലാതെ തീവ്രവാദം തുടരുമെന്ന് തീരുമാനിക്കുകയാണെങ്കിൽ, നമ്മുടെ ജനങ്ങളെ തീവ്രവാദത്തിനെതിരെ സംരക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്. ആ അവകാശം ഞങ്ങൾ പ്രയോഗിക്കും. ആ അവകാശം എങ്ങനെ പ്രയോഗിക്കും എന്നത് നമ്മുടെ ഇഷ്ടമാണ്. നമ്മൾ എന്ത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആർക്കും പറയാൻ കഴിയില്ല. സ്വയം പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യും," അദ്ദേഹം പറഞ്ഞു.
ജലം പങ്കിടൽ കരാറുകൾ പോലുള്ള മേഖലകളിൽ വിശ്വാസം തകരുന്നതിന് ഭീകരവാദം കാരണമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല അയൽപക്ക ബന്ധമില്ലെങ്കിൽ അതിന്റെ ഗുണഫലങ്ങളും നിങ്ങൾക്ക് ലഭിക്കില്ല. വെള്ളം പങ്കുവെക്കണം, എന്നാൽ ഞങ്ങൾ നിങ്ങളോട് ഭീകരവാദം തുടരും എന്ന സമീപനം സ്വീകരിക്കുന്നതിനോട് പൊരുത്തപ്പെട്ടു പോകാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
