നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ അതിര്‍ത്തി അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണിത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആണ് പദ്ധതി നടപ്പാക്കുന്നത്. അവിടെ നിലവിലുള്ള മണ്ണ് റോഡിനും ട്രെക്കിംഗ് പാതയ്ക്കും പകരം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന ഒരു തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുകയാണ് ലക്ഷ്യം.
ഇത് നിലാപാനിയില്‍ നിന്ന് മുളിങ് ലാ ബേസിലേക്കുള്ള സൈനിക വിന്യാസത്തിന്റെ സമയം ദിവസങ്ങളില്‍ നിന്ന് മണിക്കൂറുകളായി കുറയ്ക്കുകയും കഠിനമായ കാലാവസ്ഥയില്‍ പോലും സൈനികരുടെ വാഹന ചലനം എളുപ്പമാക്കുകയും ചെയ്യും. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ബിആര്‍ഒ ഇതിനോടകം തന്നെ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തേടിയതായാണ് വിവരം. 104 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്.
advertisement
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 16,134 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സീസണല്‍ പര്‍വ്വത പാതയാണ് മുളിങ് ലാ. ഇന്ത്യയുടെ ഉത്തരാഖണ്ഡ് മേഖലയെ ചൈനയുടെ ടിബറ്റന്‍ പ്രദേശവുമായി ഇത് ബന്ധിപ്പിക്കുന്നു. ചരിത്രപരമായി മുളിങ് ലാ ഒരു പരമ്പരാഗാത ട്രാന്‍സ്-ഹിമാലയന്‍ വഴിയായിരുന്നു. ആധുനിക അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍ കര്‍ശനമാകുന്നതിന് വളരെ മുമ്പുതന്നെ വ്യാപാരികളും ഇടയന്മാരും അതിര്‍ത്തി കാവല്‍ സേനയും ഈ പാത ഉപയോഗിച്ചിരുന്നതാണ്.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം പതിറ്റാണ്ടുകളായി ഈ പ്രദേശം വികസനങ്ങളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. കഠിനമായ ഭൂപ്രകൃതിയും നിയന്ത്രണ രേഖയ്ക്ക് (ലൈന്‍ ഓഫ് കണ്‍ട്രോള്‍) സമീപമുള്ള റോഡ് നിര്‍മാണത്തിന് മുന്‍ഗണന നല്‍കാത്ത ഇന്ത്യയുടെ മുന്‍ പ്രതിരോധ സിദ്ധാന്തവും കാരണം ഈ മേഖല വര്‍ഷങ്ങളായി വികസനമില്ലാതെ കിടന്നു. ഈ സമീപനം മാറിയതോടെ ഇവിടെ റോഡ് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.
നിലവില്‍ മുളിങ് ലാ ബേസിലേക്കുള്ള പ്രവേശനത്തിന് അഞ്ച് ദിവസം കാല്‍നടയായി യാത്ര ചെയ്യണം. സൈനികര്‍, ഭക്ഷണ സാധനങ്ങള്‍, ഇന്ധനം, ഉപകരണങ്ങള്‍ എന്നിവ അവിടേക്ക് എത്തിച്ചിരുന്നത് ചുമട്ടുകാര്‍ വഴിയോ മൃഗങ്ങളെ ഉപയോഗിച്ചോ മാത്രമാണ്. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ഈ പാത പലപ്പോഴും ഉപയോഗശൂന്യമാകും. അതിനാല്‍ ഇവിടെ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി സംഭരിച്ച സാമഗ്രികകളിലും വ്യോമഗതാഗത സംവിധാനവും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
പുതിയ റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിലാപാനിയില്‍ നിന്ന് മുളിങ് ലാ വരെയുള്ള യാത്ര സമയം ദിവസങ്ങളില്‍ നിന്ന് മണിക്കൂറായി കുറയും. ഇത് സൈനികരുടെ പെട്ടെന്നുള്ള നീക്കത്തിന് വഴിയൊരുക്കുകയും ചെലവേറിയ വ്യോമ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും.
2020ന് ശേഷം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുന്നതില്‍ ഇന്ത്യ കാണിക്കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണിത്. സെന്‍സിറ്റീവ് അതിര്‍ത്തി സംസ്ഥാനമായിരുന്നിട്ടും അവസാന മൈല്‍ സൈനിക കണ്ക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് ലഡാക്കിനെ പിന്നിലാക്കി. നിലാപാനി-മുളിങ് ലാ പോലുള്ള പദ്ധതികള്‍ വ്യക്തമായ നയമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഇത് വെറുമൊരു സിവില്‍ എഞ്ചിനീയറിംഗ് പദ്ധതിയല്ല. ഇത് ഇന്ത്യയുടെ പുതിയ ഹിമാലയന്‍ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അവിടെ റോഡുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍, വ്യോമതാവളങ്ങള്‍ എന്നിവ തന്ത്രപരമായ ആസ്തികളായി കണക്കാക്കപ്പെടുന്നു.
