2023 ജൂണിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്.
സ്വന്തം മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ട്രൂഡോ സർക്കാരെന്നും ഇന്ത്യ ആരോപിച്ചു.
advertisement
ഇന്ത്യൻ ഹൈക്കമ്മീഷണറും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന നൽകുന്ന കാനഡയുടെ നയതന്ത്ര ആശയവിനിമയത്തെ കേന്ദ്ര സർക്കാർ കടുത്തഭാഷയിലാണ് അപലപിച്ചത്. ''ഇത്തരം അസംബന്ധ ആരോപണങ്ങളെ ഇന്ത്യൻ സർക്കാർ ശക്തമായി തള്ളിക്കളയുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ട്രൂഡോ സർക്കാരിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണിതെന്നാണു വിലയിരുത്തൽ. 2023 സെപ്റ്റംബറിൽ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും കനേഡിയൻ സർക്കാർ പങ്കുവച്ചിട്ടില്ല. അന്വേഷണത്തിന്റെ മറവിൽ, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ തന്ത്രമാണിതെന്നതിൽ സംശയമില്ല. 36 വർഷത്തെ മികച്ച കരിയറുള്ള ഇന്ത്യയുടെ മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. ജപ്പാൻ, സുഡാൻ എന്നിവിടങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ അംബാസഡറായിരുന്നു. ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനേഡിയൻ സർക്കാർ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്, അവയെ അവജ്ഞയോടെ തള്ളിക്കളയുന്നു''- കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Summary: India will withdraw its High Commissioner in Canada after the North American country linked him and other Indian diplomats to an investigation where they are ‘persons of interest’, a statement issued by the external affairs ministry Monday evening said.