ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുള്ളത് യൂറോപ്യന്‍ യൂണിയനിലേക്കാണ്. ചൈന, വിയറ്റ്‌നാം, റഷ്യ, യുകെ എന്നിവയാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നിലുള്ള മറ്റ് വിപണികള്‍. യുഎസില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിന്റെ ഫലമായുണ്ടായ കയറ്റുമതിയിലെ കുറവ് ഇത് നികത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി തുടങ്ങിയത്.
ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി മൂല്യത്തില്‍ 40 ശതമാനം വര്‍ദ്ധനയാണ് നടപ്പുസാമ്പത്തിക വർഷം ആദ്യ ഏഴ് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മേഖലയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിയില്‍ മാത്രം 57 ശതമാനം വര്‍ദ്ധനയുണ്ടായി. സമുദ്രോത്പന്നങ്ങളും രാജ്യത്തെ മത്സ്യ കൃഷിയില്‍ നിന്നുള്ള കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ 102 പുതിയ മത്സ്യബന്ധന യൂണിറ്റുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ആരംഭിച്ചതോടെയാണിത്. അതേസമയം, ഒക്ടോബര്‍ മാസത്തെ മാത്രം കണക്ക് പരിശോധിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി 14.64 ശതമാനം കുറവുണ്ടായിട്ടുണ്ട്.
advertisement
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസത്തില്‍ റഷ്യയിലേക്കുള്ള കയറ്റുമതിയും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പുതുതായി 29 ഇന്ത്യന്‍ യൂണിറ്റുകളും മോസ്‌കോയിലേക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരു വിപണിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് നിര്‍ത്തി വിപണികളുടെയും ഉത്പന്നങ്ങളുടെയും ഇനങ്ങളുടെയും വൈവിധ്യവത്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
