കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങളുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇന്ത്യൻ അതിർത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളും പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും അവരുടെ റഡാർ സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളുമാണ് സൈനിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്.
advertisement
വീഡിയോയുടെ തുടക്കത്തിൽ 2001-ലെ പാർലമെന്റ് ആക്രമണം, 2002-ലെ അക്ഷർധാം ക്ഷേത്രം, 2008-ലെ മുംബൈ, 2016-ലെ ഉറി, 2019-ലെ പുൽവാമ, 2025-ലെ പഹൽഗാം എന്നിവയുൾപ്പെടെ പ്രധാന ഭീകരാക്രമണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളെ മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങൾ എന്നാണ് സൈന്യം വീഡിയോയിൽ വിശേഷിപ്പിച്ചത്. മൂന്ന് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം.
2025 മെയ് 7 ന് രാത്രിയിൽ ഇന്ത്യൻ സൈന്യം ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി വീഡിയോയിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി നടത്തിയ ഏകോപിത ആക്രമണങ്ങളാണ് വീഡിയോയിലുള്ളത്.
പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ, ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങൾക്ക് സമീപം പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന്റെ അനന്തരഫലങ്ങളും വീഡിയോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡ്രോണുകൾ വെടിവച്ചും സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ടും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതും വീഡിയോയിൽ കാണാം.അതിർത്തിക്കപ്പുറത്തുള്ള വ്യോമ പ്രതിരോധ റഡാറുകളിലും വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. "നമ്മുടെ ശത്രുക്കൾക്കുള്ള മുന്നറിയിപ്പ്. അവരുടെ ഭീരുത്വത്തിന് അവർ വില നൽകേണ്ടിവരും" എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
