രാജ്യത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിലും ദൈര്‍ഘ്യമേറിയ രാജ്യത്തിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിലും കടലിലെ പ്രതിസന്ധികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിലും ഇന്ത്യന്‍ നാവിക സേന നിര്‍ണായക പങ്ക് വഹിച്ചു വരുന്നു. ഇന്ത്യയെ സുരക്ഷിതമാക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുന്ന സേനയെക്കുറിച്ച് കൂടുതലറിയാന്‍ പൗരന്മാരെ ഈ ദിനാഘോഷം അവസരമൊരുക്കുന്നു.
നാവികസേനാ ദിനം: ചരിത്രം
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തെ സ്മരിച്ചുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 3ന് പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമതാവളങ്ങളില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തി. ഇതിന് അടുത്ത രാത്രി തന്നെ ഇന്ത്യന്‍ നാവികസേന തക്ക മറുപടി നല്‍കി. ഓപ്പറേഷന്‍ ട്രൈഡന്റ് എന്നറിയപ്പെടുന്ന ഈ ഓപ്പറേഷന്‍ പാകിസ്ഥാന്റെ കറാച്ചി നാവിക ആസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
advertisement
വിദ്യുത്-ക്ലാസ് ബോട്ടുകളുടെ പിന്തുണയില്‍ ഐഎന്‍എസ് വീര്‍, ഐഎന്‍എസ് നിപത്, ഐഎന്‍എസ് നിര്‍ഘത് എന്നീ മിസൈല്‍ ബോട്ടുകളാണ് ദൗത്യത്തില്‍ പങ്കാളികളായത്. പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ മൂന്ന് പാകിസ്ഥാന്‍ നാവിക കപ്പലുകള്‍ക്ക് ഇന്ത്യയുടെ ശക്തമായ ആക്രണത്തില്‍ കനത്ത നഷ്ടം വരുത്തി. ആക്രമണം പാകിസ്ഥാന് കനത്ത നഷ്ടമുണ്ടാക്കുകയും അക്കാലത്തെ നാവിക യുദ്ധത്തില്‍ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.
കമ്മഡോര്‍ കാസര്‍ഗോഡ് പട്ടണ ഷെട്ടി ഗോപാല്‍ റാവുവിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. അദ്ദേഹത്തിന്റെ തന്ത്രപരമായ ആസൂത്രണവും കൃത്യമായ കമാന്‍ഡും നാവികസേനയുടെ ശക്തിയും കൃത്യതയും ആത്മവിശ്വാസവും പ്രകടമാക്കി. ഓപ്പറേഷന്‍ ട്രൈഡന്റിന്റെ വിജയമാണ് പിന്നീട് ഡിസംബര്‍ നാല് നാവികസേനാ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
അന്നുമുതല്‍ ദൗത്യത്തില്‍ സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്നതിനും രാജ്യത്തിന് നാവികസേന നല്‍കിയ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതിനുമായി ഇന്നേ ദിവസം മാറ്റിവെച്ചിരിക്കുന്നു.
നാവികസേനാ ദിനം 2025: തിരുവനന്തപുരത്തെ ആഘോഷങ്ങള്‍
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 4.30ന് ശംഖുമുഖത്ത് ഇന്ത്യന്‍ നാവികസേന നാവിക ദിന ഓപ്പറേഷന്‍ ഡെമോ നടത്തും.
ശംഖുമുഖം ബീച്ചില്‍ നടക്കുന്ന നാവികസേനാ ദിനാഘോഷ പരിപാടികളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി പരിപാടിക്ക് ആതിഥേയത്വം വഹിക്കും.
നാവികസേനയുടെ യുദ്ധത്തിനുള്ള സന്നദ്ധത വ്യക്തമാക്കി വിശദമായ സമുദ്ര പ്രദര്‍ശനം നടത്തും. പൊതുജനങ്ങള്‍ക്ക് നാവികസേനയുടെ ശേഷിയും ഏകോപനവും വ്യക്തമാക്കുന്നതിന് നിരവധി യുദ്ധകപ്പലുകള്‍ തീരദേശത്ത് വിന്യസിക്കും.
നാവികസേനാ ദിനം: പ്രധാന്യം
നീണ്ട തീരപ്രദേശങ്ങളും തിരക്കേറിയ സമുദ്രപാതകളുമുള്ള ഒരു രാജ്യത്തിന് ശക്തമായ സമുദ്രസുരക്ഷ അത്യാവശ്യമാണ്. ഇന്ത്യന്‍ നാവികസേന തീരദേശ അതിര്‍ത്തികള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വ്യാപാര പാതകള്‍ സംരക്ഷിക്കുകയും കപ്പലുകളുടെ സുഗമമായ നീക്കം ഉറപ്പാക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ സംയുക്ത അഭ്യാസങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും നാവികസേന മറ്റുരാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
നാവിക ഉദ്യോഗസ്ഥരുടെയും നാവികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കഠിനാധ്വാനം തിരിച്ചറിയാനുള്ള അവസരം കൂടിയാണിത്.
വീട്ടില്‍ നിന്ന് മാസങ്ങളോളം അകന്ന് കഴിയുക, കഠിനായ പരിശീലന കാലയളവ്, അടിയന്തരസാഹചര്യം നേരിടാന്‍ നിരന്തരമുള്ള തയ്യാറെടുപ്പ് എന്നിവയെല്ലാം അവരുടെ ജോലിയുടെ ഭാഗമാണ്. അവരുടെ പ്രതിബദ്ധതയും സേവനവും ഈ ദിവസം നാം പ്രത്യേകമായി ഓര്‍മിക്കുന്നു.
നാവികദിനം: സുപ്രധാന വസ്തുതകള്‍
ഇന്ത്യന്‍ നാവികസേനയ്ക്ക് നേട്ടങ്ങളുടെയും നാഴികകല്ലുകളുടെയും ഒരു നീണ്ട ചരിത്രമുണ്ട്. നാവികസേനയുടെ വളര്‍ച്ചയും കഴിയും വ്യക്തമാക്കുന്ന ശ്രദ്ധേയമായ വസ്തുതകള്‍ അറിയാം.
- ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന നാവിക വ്യോമ സ്‌ക്വാഡ്രണ്‍: 1953ല്‍ INAS 550 ആയി രൂപീകരിച്ച ഇന്ത്യന്‍ നാവിക വ്യോമസേന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന യൂണിറ്റാണ്.
- ഐഎന്‍എസ് വിക്രാന്തിന്റെ പാരമ്പര്യം: 1971ലെ യുദ്ധത്തില്‍ യഥാര്‍ത്ഥ ഐഎന്‍എസ് വിക്രാന്ത് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ ആധുനിക പിന്‍ഗാമിയായ ഐഎസി-1 സ്വന്തമായി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നതിലേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യയുടെ പുരോഗതിയെ പ്രതിനിധീകരിക്കുന്നു.
- ആദ്യത്തെ ആണവ അന്തര്‍വാഹിനി പാട്ടം: 1988ല്‍ റഷ്യയില്‍ നിന്ന് ആണവശക്തിയുള്ള ആണവ അന്തര്‍വാഹിനികളായ ഐഎന്‍എസ് ചക്ര പാട്ടിനെടുത്തത് സുപ്രധാന നാഴികക്കല്ലായി.
- ഓപ്പറേഷന്‍ ട്രൈഡന്റ്: 1971ലെ യുദ്ധത്തിലെ വിജയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക വിജയങ്ങളിലൊന്നാണ്.
- മാനുഷിക സഹായം: യുദ്ധത്തിനപ്പുറം നാവിക സേന പലപ്പോഴും വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മറ്റ് ദുരന്തങ്ങള്‍ എന്നിവയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നു. ആവശ്യമെങ്കില്‍ വൈദ്യസഹായവും ഉറപ്പുവരുത്തുന്നു.
- ഐഎന്‍എസ് അരിഹന്ത്: രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയാണിത്
- നേവല്‍ ഏവിയേഷന്‍ മ്യൂസിയം: ഗോവയിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സമുദ്രത്തിലെ വ്യോമയാന നാഴികക്കല്ലുകളും ശ്രദ്ധേയമായ നേട്ടങ്ങളും രേഖപ്പെടുത്തുന്ന വിമാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
- മാര്‍ക്കോസ്: മറൈന്‍ കമാന്‍ഡോകള്‍ ലോകത്തിലെ തന്നെ ഏറ്റവും തീവ്രമായ പരിശീലനവും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സേനകളില്‍ ഒന്നാണ്. കോംബാറ്റ് ഡൈവിംഗ്, ഉയര്‍ന്ന അപകടസാധ്യത നിലനില്‍ക്കുന്ന ദൗത്യങ്ങള്‍, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പരിശീലനം നേടിയവരാണ് ഇവര്‍.
- ലിംഗ തുല്യത: തുല്യ അവസരത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കി 1992ല്‍ നാവികസേന ആദ്യത്തെ വനിതാ ഓഫീസര്‍മാരുടെ സംഘത്തെ ഉള്‍പ്പെടുത്തി.
- ആഗോളതലത്തിലെ സഹകരണങ്ങള്‍: മലബാര്‍, വരുണ തുടങ്ങിയ അന്താരാഷ്ട്ര അഭ്യാസങ്ങളില്‍ നാവികസേന പതിവായി പങ്കുചേരുന്നു. ഇതിലൂടെ ശക്തമായ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയും ഇന്ത്യയുടെ സമുദ്രശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
