പതിറ്റാണ്ടുകളായി ഇന്ത്യയുടെ കഴിവുകൾ അവഗണിക്കപ്പെടുകയായിരുന്നുവെന്നും രാജ്യം വിദേശ മാതൃകകളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. മുൻപ് വിദേശ സാങ്കേതികവിദ്യകൾ പകർത്തുന്ന രീതിയായിരുന്നുവെന്നും സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്തുകടക്കാൻ ഇന്ത്യക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ ഇന്നും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾ ഇന്ത്യയുമായി പങ്കാളികളാകാൻ ആഗ്രഹിക്കുന്നു. വികസിത രാജ്യങ്ങൾ സ്വയം മുന്നോട്ട് വന്ന് ഇന്ത്യയുമായി വ്യാപാര കരാറുകൾ ഒപ്പിടുന്നത് ചിലർക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കരുത്തിൽ നിന്നുകൊണ്ട് ചർച്ചകൾ നടത്തുന്ന ആത്മവിശ്വാസമുള്ള ഇന്ത്യയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
രാജ്യത്തെ മാക്രോ ഇക്കണോമിക് സ്ഥിരത ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിംഗ് സംവിധാനം ശക്തമാക്കിയതും ഒരുകാലത്ത് ഇരട്ട അക്കത്തിലായിരുന്ന പണപ്പെരുപ്പം നിയന്ത്രിച്ചതും ഇന്ത്യയെ ലോകത്തിന്റെ വളർച്ചാ യന്ത്രമാക്കി മാറ്റിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആഗോള നിക്ഷേപകരും സർക്കാരുകളും ഇന്ത്യയെ വിശ്വസനീയമായ സാമ്പത്തിക പങ്കാളിയായാണ് കാണുന്നത്. സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഭരണത്തിന്റെയും കാര്യത്തിൽ ഇന്ത്യ കൈവരിച്ച മാറ്റവും ആഗോള തലത്തിൽ താൽപ്പര്യം വർധിപ്പിച്ചു. ഇന്ത്യ ഒരുകാലത്ത് സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നുവെങ്കിൽ, ഇന്ന് അതിൽ നേതൃസ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ലോകശ്രദ്ധ ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൻധൻ, ആധാർ, മൊബൈൽ എന്നീ ജാം (JAM) ത്രിത്വത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഈ പ്ലാറ്റ്‌ഫോമുകളുടെ സംയോജനം സുതാര്യമായ ഭരണത്തിനും 24 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സഹായിച്ചുവെന്ന് പറഞ്ഞു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എടിഎമ്മുകൾ പോലും വൈകിയെത്തിയ ഒരു രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളിൽ ഇന്ത്യ എങ്ങനെ ആഗോള നേതൃത്വത്തിലെത്തിയെന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
