ഞായറാഴ്ച ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലായി 220 ലധികം വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി. മുംബൈ വിമാനത്താവളത്തിൽ 112 വിമാനങ്ങളും ഡൽഹി വിമാനത്താവളത്തിൽ 109 വിമാനങ്ങളും റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക അപ്‌ഡേറ്റ് പ്രകാരം ബെംഗളൂരു വിമാനത്താവളത്തിൽ 140 വിമാനങ്ങൾ റദ്ദാക്കി.
പ്രശ്നങ്ങൾ പടിപടിയായി പരിഹരിച്ചു വരികയാണെന്നും ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കുന്നതിലും ഉപഭോക്തൃ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും വളരെ പ്രധാനപ്പെട്ട പുരോഗതിയുണ്ടെന്നും ഇൻഡിഗോ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് വിമാന നിരക്കുകളിൽ താൽക്കാലിക വർധനവുണ്ടായ സാഹചര്യത്തിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം ഇടപെട്ട് വിമാന നിരക്കുകൾക്ക് അടിയന്തരമായി പരിധി ഏർപ്പെടുത്തിയിരുന്നു.
advertisement
റദ്ദാക്കിയതോ വൈകിയതോ ആയ വിമാനങ്ങളുടെ എല്ലാ റീഫണ്ടുകളും ഞായറാഴ്ച രാത്രി 8 മണിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി. ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ ചെയ്തിട്ടുണ്ട്. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങൾ കാലതാമസമോ അസൗകര്യമോ ഇല്ലാതെ പരിഹരിക്കുന്നതിന് യാത്രക്കാർക്കായി ഹെൽപ് സെല്ലുകളും തുടങ്ങിയിട്ടുണ്ട്.
തടസ്സങ്ങൾ കാരണം യാത്രക്കാരിൽ നിന്ന് വേർപെടുത്തിയ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളിൽ എത്തിക്കാൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം വരെ ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് 3,000 ബാഗേജുകൾ ഇൻഡിഗോ എത്തിച്ചു നൽകി.
പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശിച്ച വിശ്രമ സമയം അനുവദിച്ചതോടെയുണ്ടായ പ്രതിസന്ധിയാണ് ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാകാന്‍ കാരണം. നവംബർ 1 മുതലാണ് വിശ്രമം- ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ ഇൻഡിഗോ കൂടുതൽ കർശനമാക്കിയത്.
