'''ഒരു ദിവസം 9.15 മണിക്കൂർ വെച്ച് ആഴ്ചയിൽ അഞ്ചുദിവസം ഞങ്ങള്‍ ജോലി ചെയ്യേണ്ടത്. കൂടാതെ റിമോര്‍ട്ടായി ജോലി ചെയ്യുമ്പോള്‍ ജോലി സമയം അമിതമായാല്‍ അത് തിരച്ചടിയാകും,'' ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ജീവനക്കാരന്‍ പറഞ്ഞു. വ്യക്തിപരമായി ഇമെയില്‍ അയച്ചവരോട് അവരുടെ മുന്‍മാസത്തെ ശരാശരി ജോലി സമയം കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് പരിധിയേക്കാള്‍ കൂടുതലായിരുന്നുവെന്നും പറയുന്നുണ്ട്.
ജീവനക്കാരന്റെ ജോലി സമയം എച്ച്ആര്‍ ട്രാക്ക് ചെയ്യുകയും ഒരു മാസത്തിനുള്ളില്‍ വീട്ടില്‍നിന്ന് ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിക്ക് ഇമെയില്‍ അയയ്ക്കുകയുമാണ് ചെയ്യുന്നത്.
advertisement
ജീവനക്കാരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ സ്വന്തം ഫലപ്രാപ്തിയും വിജയവും ഉറപ്പാക്കാന്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തണമെന്നും ഇമെയിലില്‍ പറയുന്നു. ''നിങ്ങളുടെ പ്രതിബദ്ധതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍, ആരോഘ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് നിങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘകാല പ്രൊഫഷണല്‍ വിജയത്തിനും നിര്‍ണായകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' എച്ച്ആര്‍ അയച്ച ഇമെയില്‍ പറയുന്നതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''ജോലിയിലെ ആവശ്യങ്ങളും സമയപരിധിയും ചിലപ്പോള്‍ കൂടുതല്‍ മണിക്കൂര്‍ ജോലി നീണ്ടുപോകുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഉത്പാദനക്ഷമതയും മൊത്തത്തിലുള്ള സന്തോഷവും വര്‍ധിപ്പിക്കുന്നതിന് സന്തുലിതമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്,'' ഇമെയിലില്‍ പറയുന്നു.
''നിങ്ങള്‍ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ പതിവായി ഇടവേളകള്‍ എടുക്കുക. മുന്‍ഗണനകള്‍ അവലോകനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അമിതജോലിഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിന്തുണ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം നിങ്ങളുടെ മാനേജറെ അറിയിക്കുക. ജോലികള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതിനെക്കുറിച്ചോ ഉചിതമായ രീതിയില്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവെച്ചു നല്‍കുന്നതിനെ കുറിച്ചോ നിങ്ങളുടെ മാനേജറോട് സംസാരിക്കുക. ഒഴിവുസമയങ്ങളില്‍ ശരിയായി വിനിയോഗിക്കുക,'' ഇമെയില്‍ കൂട്ടിച്ചേര്‍ച്ചു.
ഹൈബ്രിഡ് വര്‍ക്ക് (ഓഫീസിലും വീട്ടിലുമിരുന്ന് ജോലി ചെയ്യുന്ന രീതി) മാതൃക സ്വീകരിച്ച ശേഷമാണ് ഇന്‍ഫോസിസ് ഈ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏകദേശം 3.24 ലക്ഷം ജീവനക്കാരാണ് ഇന്‍ഫോസിസിന് കീഴിലുള്ളത്. കോവിഡിന് ശേഷം 2023 നവംബര്‍ 20ന് റിട്ടേണ്‍ ടു ഓഫീസ് നയം കമ്പനി അവതരിപ്പിച്ചിരുന്നു. ഈ നയത്തില്‍ ജീവനക്കാര്‍ മാസത്തില്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
ഇതിന് ശേഷം എച്ച്ആര്‍ ടീമുകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ഓരോ ജീവനക്കാരും ഓഫീസ് ജോലിയില്‍ ചെലവഴിക്കുന്ന സമയം പതിവായി രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണ മൂര്‍ത്തി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കമ്പനി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ''നമ്മള്‍ കഠിനാധ്വാനം ചെയ്യുകയും ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണം എന്ന് യുവാക്കള്‍ മനസ്സിലാക്കണമെന്ന്''അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്ന ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും യുവാക്കൾ ത്യാഗവും കഠിനാധ്വാനവും ചെയ്യാന്‍ തയ്യാറാകണമെന്നും മൂര്‍ത്തി പറഞ്ഞിരുന്നു. ഇതിന് ശേഷം നീണ്ട ജോലി സമയത്തെക്കുറിച്ചും ജീവനക്കാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും തൊഴിലിടത്തിലും മാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമായിരുന്നു.