മിശ്രവിവാഹങ്ങൾക്കും ജാതി- മത രഹിത വിവാഹങ്ങൾക്കും വേദിയും സംരക്ഷണവും നൽകാൻ തമിഴ്‌നാട്ടിലെ സിപിഎമ്മിന്റെ മുഴുവൻ പാർട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലെ പാർട്ടി ഓഫീസ് വിവാഹവേദിയായത്.
2025 ഓഗസ്റ്റ് 27 ബുധനാഴ്ച വിനായക ചതുർത്ഥി ദിനത്തിലായിരുന്നു വിവാഹം. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിക്കടുത്തുള്ള വരമ്പിയത്ത് താമസിക്കുന്ന വധുവും ബിരുദാനന്തര ബിരുദധാരിയുമായ അമൃത, കഴിഞ്ഞ 8 വർഷമായി പുതുക്കോട്ടയിലെ മാത്തൂരിലെ സഞ്ജയ്കുമാറുമായി പ്രണയത്തിലായിരുന്നു. സഞ്ജയ്കുമാർ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്. തിരുച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.
advertisement
ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളാണ്. ബന്ധുക്കൾ കടുത്ത എതിർപ്പുയർത്തിയെങ്കിലും ഓഗസ്റ്റ് 27 ന് നാഗപട്ടണത്തെ മുരുകൻ ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്താൻ സമ്മതിച്ചു. ക്ഷണക്കത്തുകൾ അച്ചടിച്ചു. വധുവിന്റെയും വരന്റെയും ബന്ധുക്കളെ ക്ഷണിച്ചു. എന്നാൽ വിവാഹദിവസം വരനോ ബന്ധുക്കളോ ക്ഷേത്രത്തിൽ എത്തിയില്ല. സഞ്ജയിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടർന്നാണ് അമൃതയുടെ ബന്ധുക്കൾ തിരുവാരൂരിലെ സിപിഎം നേതാക്കളെ വിവരമറിയിച്ചത്. അവർ തിരുത്തുറൈപൂണ്ടി പൊലീസിൽ പരാതി നൽകി.
വിവാഹത്തെ എതിർത്ത സഞ്ജയ്കുമാറിന്റെ അമ്മാവൻ വിവാഹം തടയുന്നതിനായി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പൊലീസിന്റെ സഹായത്തോടെ അവിടെനിന്ന് മോചിപ്പിച്ച് തിരുത്തുറൈപൂണ്ടിയിലെത്തിച്ചു. പൊലീസിന്റെയും സിപിഎം പ്രവർത്തകരുടെയും കാവലിൽ പാർട്ടി ഓഫീസിൽവെച്ച് വിവാഹം നടത്തുകയും ചെയ്തു. തിരുവാരൂർ ജില്ലാ സെക്രട്ടറി ടി മുരുകയ്യന്റെ സാന്നിധ്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഐ വി നാഗരാജനാണ് വിവാഹം നടത്തിയത്. വിവാഹത്തിനുശേഷം വരനും വധുവും പൊലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു. ഇരുവരുടെയും ബന്ധുക്കളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മിശ്രവിവാഹങ്ങൾക്ക് സംരക്ഷണം നൽകാനായി സിപിഎം ഓഫീസുകൾ തുറന്നുകൊടുക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ‘എവിഡൻസ്’ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് പാർട്ടി സെക്രട്ടറി അറിയിച്ചത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ തുടരുകയും മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകുന്നതിന് ഔദ്യോഗികസംവിധാനം ഇല്ലാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.