തട്ടിപ്പിനായി ഉപയോഗിക്കുന്ന കൂടുതല്‍ മൊബൈല്‍ നമ്പറുകളും ബീഹാര്‍ കേന്ദ്രീകരിച്ചുള്ളവയാണ്. 82 ലക്ഷത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം നമ്പറുകള്‍ ബീഹാര്‍, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (എന്‍സിആര്‍പി) ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ 3.57 ലക്ഷം മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്യുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്തിട്ടുണ്ട്. മിക്ക കണക്ഷനുകളും എടുത്തിട്ടുള്ളത് ബീഹാര്‍, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
advertisement
മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പ് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും ടെലികോം വകുപ്പും എഎസ്ടിആര്‍ ടൂള്‍ കിറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ഥ പേരുകളില്‍ ഒരേ വ്യക്തി എടുത്തിട്ടുള്ള സംശയാസ്പദമായ കണക്ഷനുകള്‍ തിരിച്ചറിയാനാണ് ഈ തദ്ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് ടൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് 82 ലക്ഷം ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള നടപടികൾ ടെലികോം വകുപ്പ് ആരംഭിച്ചത്.
മൊബൈല്‍ കണക്ഷന്‍ സൗകര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി ടെലികോം സേവനദാതാക്കള്‍ക്കായി പുതിയ നിയന്ത്രണങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മൊബൈല്‍ കണക്ഷനുകള്‍ക്കും നിര്‍ബന്ധിത കെവൈസി ബാധകമാണ്. ബയോമെട്രിക്, മേല്‍വിലാസ വെരിഫിക്കേഷന്‍ നടത്തിയതിനുശേഷം മാത്രമേ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സിം കാര്‍ഡ് വില്‍പ്പന കേന്ദ്രങ്ങള്‍ അവരുടെ ബിസിനസും സ്ഥിര മേല്‍വിലാസവും പരിശോധനയ്ക്ക് വിധേയമാക്കി ആധികാരിത ഉറപ്പാക്കണം.
സിം കാര്‍ഡുകളുടെ ഓണ്‍ലൈന്‍ വിതരണത്തിനും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. ഏതെങ്കിലും സിം വില്‍പ്പന കേന്ദ്രം നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവയുടെ കരാര്‍ റദ്ദാക്കുകയും എല്ലാ ടെലികോം കമ്പനികളിലും സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. ബിസിനസ് കണക്ഷനുകള്‍ക്കുള്ള കെവൈസി മാനദണ്ഡങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സിം എടുക്കാന്‍ കെവൈസി നിര്‍ബന്ധമാണ്. കൂടാതെ സിം സ്വാപ്പുകള്‍ക്കോ പോര്‍ട്ട് ചെയ്യുന്നതിനോ കെവൈസി നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.