ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്ത ഇസ്രയേല്‍ അഫിലിയേറ്റഡ് കണ്ടെയ്‌നര്‍ കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൊസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമായി സംസാരിച്ചതായി ജയശങ്കര്‍ പറഞ്ഞു. ''ഇറാനിയന്‍ വിദേശകാര്യമന്ത്രി അമീര്‍അബുദുള്ളാഹിയാനുമായി വൈകുന്നേരം സംസാരിച്ചു. എംഎസ് സി ഏരീസിലെ 17 ഇന്ത്യന്‍ ജീവനക്കാരുടെ മോചനത്തെക്കുറിച്ചും സംസാരിച്ചു. മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ആക്രമണം അവസാനിപ്പിക്കാനും സംയമനം പാലിക്കാനും നയതന്ത്രത്തിലേക്ക് മടങ്ങേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ജയശങ്കര്‍ പറഞ്ഞു.
Also read-ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; സംഘർഷം തുറന്ന പോരിലേക്ക്
advertisement
പിടിച്ചെടുത്ത കപ്പലിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും കപ്പലിലെ ജീവനക്കാരുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടിക്കാഴ്ച നടത്താനുള്ള അവസരം നല്‍കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അമീര്‍ അബ്ദുള്ളാഹിയന്‍ സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ പ്രതിസന്ധികളുടെ പ്രധാന കാരണമായ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും യുഎന്‍ രക്ഷാ സമിതി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ വഴി ഇന്ത്യ ഇടപടലുകള്‍ നടത്തണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് എംഎസ് സി ഏരീസ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്‌നര്‍ കപ്പലില്‍ 17 ഇന്ത്യന്‍ ജീവനക്കാരാണ് ഉള്ളത്. അവര്‍ മുംബൈയിലെ നവാ ഷെവ തുറമുഖത്തേക്ക് വരികയായിരുന്നു. ഏപ്രില്‍ 15-ന് കപ്പല്‍ മുംബൈയില്‍ എത്തിച്ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ മാസമാദ്യം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു.