TRENDING:

Meghalaya polls: 2018ൽ ഏറ്റവും വലിയ ഒറ്റക്കക്ഷി; 2023ൽ വട്ടപ്പൂജ്യം; മേഘാലയയിൽ കോൺഗ്രസ് തിരിച്ചുവരുമോ?

Last Updated:

ഗോവയിൽ അഞ്ചു വർഷം കൊണ്ട് 17 എംഎൽഎമാരിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ ഇപ്പോൾ കോൺഗ്രസിന് എംഎൽഎമാരേയില്ല. അഞ്ചു വർഷത്തിനിടെ മറുകണ്ടം ചാടിയത് മുൻമുഖ്യമന്ത്രി അടക്കമുള്ളവരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും  സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയാതെ പോയ സംസ്ഥാനങ്ങൾ നമുക്ക് മുന്നിലുണ്ട്. മണിപ്പൂർ, ഗോവ, മേഘാലയ തുടങ്ങിയവ ഉദാഹരണം. ഗോവയിൽ അഞ്ചു വർഷം കൊണ്ട് 17 എംഎൽഎമാരിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ ഇപ്പോൾ കോൺഗ്രസിന് എംഎൽഎമാരേയില്ല. അഞ്ചു വർഷത്തിനിടെ മറുകണ്ടം ചാടിയത് മുൻ മുഖ്യമന്ത്രി അടക്കമുള്ളവരാണ്.
advertisement

2018ൽ ഏറ്റവും വലിയ ഒറ്റകക്ഷി

60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റ്‌. 19 എംഎൽഎമാരായി കോൺറാഡ് സാംഗ്മയുടെ എൻപിപി രണ്ടാമത്.

യുഡിപി -6

പിഡിഎഫ് -4

ബിജെപി 2

HSPDP -2

എൻസിപി 1

KHNAM-1

സ്വതന്ത്രർ -3

എന്നിങ്ങനെയായിരുന്നു കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ ഉണ്ടാക്കാനായില്ല. ബിജെപിയുടെ രണ്ടുപേരടക്കം 34 പേരുടെ പിന്തുണ ഉറപ്പാക്കി എൻപിപി നേതാവ് കോൺറാഡ് സാംഗ്മ മുഖ്യമന്ത്രിയായി.

advertisement

മുൻ സ്പീക്കർ മുതൽ മുൻ മുഖ്യമന്ത്രി വരെ

ചെറുകക്ഷികളുടെ പിന്തുണയോടെ എൻപിപി സർക്കാർ രൂപീകരിച്ചതിനു തൊട്ടു പിന്നാലെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്കും തുടങ്ങി. ആദ്യം പാർട്ടി വിട്ടത് റാണികോർ എംഎൽഎയും മുൻ സ്‌പീക്കറുമായ എം.എം. ഡാങ്കോയായിരുന്നു. എൻപിപിയിലേക്കായിരുന്നു ഡാങ്കോയുടെ കൂടുമാറ്റം. 2021 ഫെബ്രുവരിയിലും മാർച്ചിലുമായി മൂന്ന് എംഎൽഎമാർ മരിച്ചതോടെ കോൺഗ്രസ്‌ അംഗബലം 17 ആയി കുറഞ്ഞു.

Also read: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആവർത്തിച്ച് പരാതി; മാധ്യമപ്രവർത്തകന് ഒരു ലക്ഷം രൂപ പിഴ

advertisement

ഏറ്റവും വലിയ കൊഴിഞ്ഞു പോക്കുണ്ടായത് 2021 നവംബറിലാണ്. 12 എംഎൽഎമാരാണ് പാർട്ടി വിട്ടത്. പട നയിച്ചത് സംസ്ഥാനത്ത് പാർട്ടിയുടെ മുഖവും എട്ടു വർഷക്കാലം മുഖ്യമന്ത്രി പദത്തിലിരിക്കുകയും ചെയ്ത മുകുൾ സാംഗ്മ. മമത ബാനർജിയുടെ തൃണമൂലിലേക്കാണ് മുകുളും കൂട്ടരും പോയത്. ഇതോടെ കോൺഗ്രസിന് പ്രതിപക്ഷ നേതൃത്വപദവിയും നഷ്ടമായി.

അവശേഷിച്ച അഞ്ചു എംഎൽഎമാർ കഴിഞ്ഞ വർഷം ഏതാണ്ട് ഇതേസമയത്ത് ബിജെപിയുടെ കൂടി പിന്തുണയുള്ള  മേഘാലയ ഡെമോക്രാറ്റിക് അലയൻസിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവരെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു കോൺഗ്രസിന്. അവരാകട്ടെ പിന്നീട് എൻപിപിയിലും മറ്റു ചെറു പാർട്ടികളിലും ചേക്കേറി.

advertisement

ഇത്തവണ പുതുമുഖ പരീക്ഷണം

എംഎൽഎമാർ കളം മാറി ചവിട്ടിയതോടെ പുതുമുഖ പരീക്ഷണത്തിലാണ് ഇത്തവണ കോൺഗ്രസ്‌. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകിയാണ് സ്ഥാനാർഥി പട്ടിക. 60 സ്ഥാനാർഥികളിൽ 20 പേർ പുതുമുഖങ്ങൾ. വനിതാ സ്ഥാനാർഥികൾ പത്തുപേർ. ഇതിലൂടെ പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നതെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. കൂട്ടത്തിൽ സീനിയർ പിസിസി അധ്യക്ഷൻ വിൻസെന്റ് പാലയാണ്. ഷില്ലോങ്ങിൽ നിന്നുള്ള സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ വിൻസെന്റ് പാലയ്ക്കും ഇത് നിയമസഭയിലേക്കുള്ള കന്നിയങ്കം. സുത്ന  സായ്പുങ് മണ്ഡലത്തിലാണ് പോരാട്ടം.

advertisement

താര പ്രചാരകർ ഇല്ലാതെ പ്രചാരണം

പുതുമുഖ പരീക്ഷണം മാത്രമല്ല പ്രചാരണത്തിനും പരീക്ഷണത്തിലാണ് കോൺഗ്രസ്‌. വലിയ റാലികളോ താര പ്രചാരകരോ  ഇല്ല. വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും ചെറു റാലികൾ സംഘടിപ്പിച്ചുമാണ് പ്രചാരണം. എംഎൽഎമാർ പോയെങ്കിലും വോട്ടർമാർ ഒപ്പമുണ്ടെന്നും അവർ പാർട്ടിയിൽ നിന്ന് അകന്നിട്ടില്ലെന്നും പുതുമുഖങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് അവകാശവാദം.

ബുധനാഴ്ച സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി ഷില്ലോങ്ങിലെ റാലിയിൽ പങ്കെടുത്തതൊഴിച്ചു നിർത്തിയാൽ കാര്യമായ ദേശീയ നേതാക്കൾ ഒന്നും പ്രചാരണത്തിനെത്തിയിട്ടില്ല. ബിജെപിയ്ക്കായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ധയുമാണ് പ്രചാരണം നയിക്കുന്നത്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തും. തൃണമൂൽ പ്രചാരണത്തിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പലതവണ വന്നുപോയി. സംസ്ഥാന കോൺഗ്രസ്‌ നേതാക്കൾ പറയുന്നതുപോലെ കോൺഗ്രസ്‌ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുമോ അതോ സ്ഥിതി കൂടുതൽ പരുങ്ങലിലാകുമോ എന്ന് കാത്തിരുന്നു കാണാം.

മലയാളം വാർത്തകൾ/ വാർത്ത/India/
Meghalaya polls: 2018ൽ ഏറ്റവും വലിയ ഒറ്റക്കക്ഷി; 2023ൽ വട്ടപ്പൂജ്യം; മേഘാലയയിൽ കോൺഗ്രസ് തിരിച്ചുവരുമോ?
Open in App
Home
Video
Impact Shorts
Web Stories