സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബെഹറുൽ ഇസ്ലാം
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു ബെഹറുൽ ഇസ്ലാം. അതിനു മുൻപ് കോൺഗ്രസ് നേതാവും. രാജ്യസഭാ അംഗമായിരുന്ന ബെഹറുൽ ഇസ്ലാം 1972ൽ അത് രാജിവെച്ച് ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചശേഷം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. പതിവ് കീഴ്വഴക്കങ്ങൾ ലംഘിച്ചായിരുന്നു ഈ നിയമനം. ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര കുറ്റാരോപിതനായ സഹകരണ ബാങ്ക് അഴിമതിയിൽ ക്ലീൻ ചിറ്റ് നൽകിയത് ബെഹറുൽ ഇസ്ലാമായിരുന്നു. പിന്നീട് 1983ൽ അദ്ദേഹം വിരമിച്ചശേഷം ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ അസമിൽ നിന്ന് മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാൽ പിന്നീട് രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. ജഗന്നാഥ് മിശ്രക്ക് ക്ലീൻചിറ്റ് നൽകിയതിനുള്ള പ്രത്യുപകാരമെന്നാണ് ഇതിനെ അന്ന് പ്രതിപക്ഷം വിമർശിച്ചത്.
advertisement
You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര
സുപ്രീംകോടതിയുടെ 21ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രംഗനാഥ് മിശ്ര. അദ്ദേഹം തന്നെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷനും. ബെഹറുൽ ഇസ്ലാമിന് ശേഷം രാജ്യസഭാംഗമായ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. 1991 നവംബർ 24നായിരുന്നു രംഗനാഥ് മിശ്ര സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്. 1998ൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തു. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭ അംഗത്വമെന്നായിരുന്നു അന്നുയർന്ന വിമർശനം.
ഫാത്തിമാ ബീവിയും പി സദാശിവവും
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ കേരള ഗവർണറായി നിയമിച്ചത് ഒന്നാം മോദി സർക്കാരാണ്. സുപ്രീം കോടതി ജഡ്ജിയായിരുന്ന മലയാളി ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായതും ചരിത്രം. ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പിന്നീട് സുപ്രീംകോടതി ജഡ്ജിയായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സീനിയോറിറ്റി പ്രകാരമുള്ള ചീഫ് ജസ്റ്റിസ് പദവി ലഭിക്കാതെ വന്നപ്പോൾ സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവെച്ച ജസ്റ്റിസ് കെഎസ് ഹെഗ്ഡെ ജനതാ പാർട്ടി ടിക്കറ്റിൽ ജയിച്ച് ലോക്സഭാ സ്പീക്കറായതും ചരിത്രമാണ്.
മുഹമ്മദ് ഹിദായത്തുള്ള
മുഹമ്മദ് ഹിദായത്തുള്ള സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള ഉപരാഷ്ട്രപതിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. രാഷ്ടപതിയായിരിക്കെ സാക്കിർ ഹുസൈൻ അന്തരിച്ചപ്പോൾ ഉപരാഷ്ട്രപതി വി വി ഗിരിക്കായി രാഷ്ട്രപതിയുടെ ചുമതല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി വി ഗിരി ഉപരാഷ്ട്രപതി പദം രാജി വെച്ചതോടെ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളക്ക് രാഷ്ട്രപതിയുടെ താൽക്കാലിക ചുമതല ലഭിക്കുകയായിരുന്നു. പിന്നീട് വിരമിച്ച ശേഷം ഹിദായത്തുള്ള ഉപരാഷ്ട്രപതിയുമായി.
ആരാണ് രഞ്ജൻ ഗൊഗോയ് ?
13 മാസക്കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയ്. ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയുമാണ്. വിരമിച്ച് അഞ്ചുമാസത്തിന് ശേഷമാണ് രാജ്യസഭാംഗമായി അദ്ദേഹത്തെ നാമനിർദേശം ചെയ്തിരിക്കുന്നത്.
കോൺഗ്രസ് നേതാവും 1982ൽ അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയ് ആണ് രഞ്ജൻ ഗൊഗോയുടെ പിതാവ്. 1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി. തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സെപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.