ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം തുടരാനുള്ള ഇന്ത്യയുടെ തീരുമാനം ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് മന്ത്രി പറഞ്ഞു. ''ദേശീയ സുരക്ഷയില്‍ ശക്തമായ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ദേശീയ സുരക്ഷ അപകടത്തിലായ വിവിധ സന്ദർഭങ്ങളിൽ നമുക്കൊപ്പം നിന്ന രാജ്യം കൂടിയാണത്. നമ്മള്‍ ഏതെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ വിശാലമായ അര്‍ത്ഥത്തിലാണ് അത് പരിഗണിക്കുക. എന്നാല്‍, നമ്മുടെ ദേശീയ താത്പര്യങ്ങളും അതില്‍ പരിഗണിക്കപ്പെടും,'' അദ്ദേഹം പറഞ്ഞു.
'ദ്വിരാഷ്ട്രപരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു'
''പാലസ്തീനോടുള്ള ഇന്ത്യയുടെ നയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതാണ്. സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്രമെന്ന പരിഹാരത്തെയും നമ്മള്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്'', പലസ്തീന് ഇന്ത്യ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജയശങ്കര്‍ ഉറപ്പിച്ചു പറഞ്ഞു.
advertisement
ഗാസയെ പിന്തുണയ്ക്കുന്ന പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യത്തിന്റെ മുഴുവന്‍ യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളാത്ത പ്രമേയങ്ങള്‍ സന്തുലിതമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ''ഇന്ത്യയെപ്പോലെയുള്ള ഭീകരതയുടെ ഇരയായ ഒരു രാജ്യം ഭീകരതയെ എപ്പോഴും അവഗണിക്കുന്നു. ആ വസ്തുത കണക്കിലെടുക്കുകയാണെങ്കില്‍ ഈ പ്രമേയങ്ങള്‍ നമ്മുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമല്ല. എല്ലാ പ്രമേയങ്ങളും ഞങ്ങള്‍ വിശദമായി പരിശോധിക്കും. അതിലെ വാക്കുകള്‍ കൃത്യമായി പരിശോധിക്കും. അതിന് ശേഷമാണ് പക്വമായ തീരുമാനങ്ങളെടുക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
''ഭീകരതയെയും ആളുകളെ ബന്ദികളാക്കി വയ്ക്കുന്നതിനെയും ഞങ്ങള്‍ അപലപിക്കുന്നു. ഈ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, സാധാരണക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണം. മനുഷ്യരെ പരിഗണിക്കുന്ന നിയമം വേണം. വെടിനിര്‍ത്തലിനും അക്രമം നേരത്തെ അവസാനിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മേധാവി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ഡെയ്ഫ് എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യ ഐസിസി അംഗരാജ്യങ്ങളുടെ ഭാഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഐസിസി രൂപീകരിച്ചപ്പോള്‍ നമ്മുടെ അംഗത്വത്തെക്കുറിച്ച് പരിഗണിച്ചിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ ഐസിസിയില്‍ അംഗമാകേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. അതിനാല്‍, ഐസിസിയുടെ തീരുമാനങ്ങളില്‍ ഇന്ത്യക്ക് ബാധ്യതയില്ല. അതില്‍ ഔപചാരികമായ നിലപാട് സ്വീകരിക്കേണ്ടതില്ല,'' അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില്‍ 1200 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ അക്രമണങ്ങളില്‍ 44,400 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഗാസ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.