പട്ടികയില്‍ രണ്ടാമത് മുതല്‍ പത്താം സ്ഥാനം വരെയുള്ള സ്ഥാപനങ്ങള്‍ സംയുക്തമായി ഫയല്‍ ചെയ്ത പേറ്റന്റുകളുടെ ഇരട്ടിയിലധികമാണ് ജിയോ ഒറ്റയ്ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു കമ്പനിയുടെ ഗവേഷണവികസന രംഗത്തെ മുന്നേറ്റവും വിപണിയിലെ നേതൃത്വവും അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് പേറ്റന്റ് ഫയലിംഗ് ഡാറ്റ. സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ജിയോയുടെ ഈ രംഗത്തെ അനിഷേധ്യമായ ആധിപത്യം വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ഫയല്‍ ചെയ്തത് 1,037 അന്താരാഷ്ട്ര പേറ്റന്റുകളാണ്. തൊട്ടുപിന്നിലുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി (238), സിഎസ്‌ഐആര്‍ (70), ഐഐടി മദ്രാസ് (44), ഓല ഇലക്ട്രിക് മൊബിലിറ്റി (31) എന്നിവരേക്കാള്‍ ബഹുദൂരം മുന്നിലാണ് ജിയോ. ഇന്ത്യന്‍ പേറ്റന്റുകള്‍ ഉള്‍പ്പെടെ, 2024-25 കാലയളവില്‍ ജിയോ ഫയല്‍ ചെയ്തത് ആകെ 1,654 പേറ്റന്റുകളാണ്.
advertisement
2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച്, ജിയോയുടെ കൈവശം 485 പേറ്റന്റുകളാണുണ്ടായിരുന്നത്. പ്രധാനമായും 5ജി, 6ജി സാങ്കേതികവിദ്യകളിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ജിയോയുടെ മുന്നേറ്റത്തിന്റെ വ്യാപ്തി വ്യക്തമാകും. ജിയോയുടെ 1,037 അന്താരാഷ്ട്ര പേറ്റന്റുകള്‍, റാങ്കിംഗില്‍ രണ്ടാമത് മുതല്‍ പത്താം സ്ഥാനം വരെയുള്ള സ്ഥാപനങ്ങളുടെയെല്ലാം മൊത്തം പേറ്റന്റുകളുടെ ഇരട്ടിയിലധികം വരും എന്നത് ഈ നേട്ടത്തിന് അസാധാരണമായ മാനം നല്‍കുന്നു. ഒരു ഡീപ്‌ടെക് ശക്തികേന്ദ്രമായി മാറാനുള്ള ജിയോയുടെ കൃത്യമായ തന്ത്രത്തിന്റെ ഫലം കൂടിയാണിത്.
ജിയോയുടെ ബൗദ്ധിക സ്വത്ത് രംഗത്തെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി നയങ്ങളില്‍ വരുത്തിയ തന്ത്രപരമായ മാറ്റമാണ്. കമ്പനിയുടെ നേതൃത്വം ഈ കാഴ്ചപ്പാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വാക്കുകളില്‍ ഈ ലക്ഷ്യം വ്യക്തമാണ്: 'അത്യാധുനിക നിര്‍മ്മാണ ശേഷിയുള്ള ഒരു ഡീപ്‌ടെക് കമ്പനിയായി മാറുന്നതിന് ഞങ്ങളുടെ പ്രവര്‍ത്തന മാതൃകയെ ദൃഢനിശ്ചയത്തോടെ മാറ്റിമറിക്കുകയാണ്. ഞങ്ങളുടെ ഓരോ ബിസിനസ്സിനെയും ഞങ്ങള്‍ എഐ അധിഷ്ഠിതമാക്കി മാറ്റുന്നു, അതുവഴി അവയെ അതിവേഗ വളര്‍ച്ചയ്ക്ക് സജ്ജമാക്കുന്നു.'
ഈ പരിവര്‍ത്തനം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ആകാശ് അംബാനി വ്യക്തമാക്കുന്നു: 'ജിയോയുടെ ഒരു ഡീപ്‌ടെക് കമ്പനിയിലേക്കുള്ള പരിവര്‍ത്തനം ഇപ്പോള്‍ വ്യക്തവും അനിഷേധ്യവുമാണ്. പൂര്‍ണ്ണമായും ഇന്ത്യയില്‍, ജിയോയുടെ സ്വന്തം എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് വിന്യസിച്ച ഒരു സാങ്കേതികവിദ്യയിലാണ് ഞങ്ങള്‍ ഇത് സാധ്യമാക്കിയത്. സ്വന്തമായി 5ജി കോര്‍ വികസിപ്പിക്കുന്നത് മുതല്‍ ഏറ്റവും വേഗതയേറിയ 5ജി സേവനങ്ങള്‍ നല്‍കുന്നതും ഇപ്പോള്‍ ലോകത്ത് ആദ്യമായി ഹോം കണക്ട് സാങ്കേതികവിദ്യ വിന്യസിക്കുന്നതും വരെ, ഒരു ഡീപ്‌ടെക് കമ്പനി എന്ന നിലയില്‍ ജിയോ തനതായ സ്ഥാനം ഉറപ്പിച്ചു.'
ഗവേഷണ വികസന രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി അഭിമാനകരമായ അംഗീകാരങ്ങള്‍ ജിയോ പ്ലാറ്റ്‌ഫോംസിനെ തേടിയെത്തിയിട്ടുണ്ട്. പേറ്റന്റ് ഫയലിംഗ്, ഗ്രാന്റുകള്‍, വാണിജ്യവല്‍ക്കരണം എന്നിവയിലെ നേട്ടങ്ങള്‍ പരിഗണിച്ച് വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ നല്‍കുന്ന WIPO IP എൻ്റർപ്രൈസ് ട്രോഫി / ഗോള്‍ഡ് മെഡല്‍ പുരസ്‌കാരം ജിയോയ്ക്ക് ലഭിച്ചിരുന്നു. നാഷണല്‍ ഐപി അവാര്‍ഡും ജിയോയ്ക്ക് ലഭിക്കുകയുണ്ടായി. 2025 മാര്‍ച്ചില്‍ 'സേവനങ്ങളിലെ മികച്ച ഇന്ത്യന്‍ കമ്പനി' എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടെലികോം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ 4,000ത്തിലധികം ആഗോള അപേക്ഷകള്‍ നല്‍കിയതിനാണ് ഈ അംഗീകാരം.
ബൗദ്ധിക സ്വത്തിന്റെ തന്ത്രപരമായ ഉപയോഗത്തിലെ മികവിന് ഏഷ്യാപസഫിക് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഷ്യ IP എലൈറ്റ് (I-AM) അംഗീകാരവും ജപ്പാനില്‍ വെച്ച് ജിയോയ്ക്ക് ലഭിക്കുകയുണ്ടായി. ക്ലാരിവേറ്റ് സൗത്ത് ഏഷ്യ ഇന്നൊവേഷന്‍ അവാര്‍ഡ്, CII IP റണ്ണര്‍അപ്പ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, രാജ്യത്തെ മികച്ച 30 ഐപി അധിഷ്ഠിത സ്ഥാപനങ്ങളിലൊന്നായും ജിയോ അംഗീകരിക്കപ്പെട്ടു.
വലിയ സാമ്പത്തിക നിക്ഷേപവും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് ജിയോയെ നയിച്ചത്. ഗവേഷണ- വികസനത്തിനു (ആര്‍ ആന്‍ഡ് ഡി) വേണ്ടിയുള്ള നിക്ഷേപവും ഒരു കമ്പനിയുടെ ബൗദ്ധിക സ്വത്ത് സൃഷ്ടിക്കാനുള്ള കഴിവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഈ രംഗത്ത് റിലയന്‍സ് നടത്തുന്ന വമ്പന്‍ നിക്ഷേപം കമ്പനിയുടെ ഡീപ്‌ടെക് കാഴ്ചപ്പാട്് അടിവരയിടുന്നതാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 4,185 കോടി രൂപയിലധികമാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ 3,643 കോടി രൂപയേക്കാള്‍ 14.9% കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മാത്രം കമ്പനിയുടെ വാര്‍ഷിക ആര്‍ ആന്‍ഡ് ഡി ചെലവിടലില്‍ 1,500 കോടി രൂപയുടെ വര്‍ധനവുണ്ടായി (2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,608 കോടി രൂപയായിരുന്നു).
ആര്‍ ആന്‍ഡ് ഡി ചെലവിടലിലെ സ്ഥിരവും ഗണ്യവുമായ വര്‍ദ്ധനവ്, ഡീപ്‌ടെക് കാഴ്ചപ്പാടിനോടുള്ള കമ്പനിയുടെ ദീര്‍ഘകാല പ്രതിബദ്ധതയാണ് കാണിക്കുന്നത്. തന്ത്രപരമായ ബിസിനസ്സ് ലക്ഷ്യങ്ങളുമായി പേറ്റന്റ് പോര്‍ട്ട്‌ഫോളിയോയെ വിന്യസിക്കുന്നതിന് റിലയന്‍സിന് ഒരു സമഗ്രമായ 'IP ഗവേണന്‍സ് ഫ്രെയിംവര്‍ക്ക്' ഉണ്ട്. ഈ മുന്നേറ്റം ജിയോയെ ഒരു കമ്പനി എന്നതിലുപരി, ആഗോള സാങ്കേതികവിദ്യയുടെ ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന പദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുന്ന നിര്‍ണായക ശക്തിയായി മാറ്റിയിരിക്കുന്നു.
