മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയിലുണ്ടെന്നും ബുധനാഴ്ച അവര്‍ റാഞ്ചിയിലേക്ക് മടങ്ങുമെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വരസ്യങ്ങളാണ് പിളര്‍പ്പിന് കാരണമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് 4 സീറ്റുകളും ഇടതുപക്ഷത്തിന് 2 സീറ്റുകളുമുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്.
advertisement
സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭാ സീറ്റുകളില്‍ ഭൂരിപക്ഷത്തിന് 41 സീറ്റുകള്‍ ആവശ്യമാണ്. അതായത് ബിജെപിയുമായി ചേര്‍ന്ന് ജെഎംഎം സഖ്യമുണ്ടാക്കുന്നതോടെ 58 സീറ്റുകള്‍ ലഭിക്കും. എല്‍ജെപിയുടെ ഒന്നും എജെഎസ്‍യുവിന്റെ ഒന്നും ജെഡി(യു)വിന്റെ ഒന്നും ചേരുന്നതോടെയാണിത്.
അതേസമയം, 16 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കുറഞ്ഞത് 8 പേരെങ്കിലും സോറന്റെ നേതൃത്വത്തിലുള്ള പുതിയ ചേരിയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാന്‍ കുറഞ്ഞത് 11 കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും പാര്‍ട്ടി വിടും.
ചര്‍ച്ചകള്‍ നടക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്വകാര്യമായി സമ്മതിച്ചിട്ടുണ്ടെന്ന് ദി സണ്‍ഡേ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുപോലും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ നിന്ന് ജെഎംഎം പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാന്‍ ജെഎംഎമ്മിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ആര്‍ജെഡിയും കോണ്‍ഗ്രസ് നേതൃത്വവും അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജാര്‍ഖണ്ഡിന്റെ വികസനത്തിനായി കേന്ദ്രവുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ജെഎംഎം പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഓഗസ്റ്റില്‍ അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്‌ന നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളും ഇതിനു കാരണമായി പറയുന്നുണ്ട്.
കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോറനെതിരെ നിലനില്‍ക്കുന്ന ഇഡി കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ബില്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. ഇത് അംഗീകരിക്കപ്പെട്ടാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് 31-ാം ദിവസം മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ രാജിവെക്കുകയോ അല്ലെങ്കില്‍ സ്വയമേവ സ്ഥാനം നഷ്ടപ്പെടുകയോ ചെയ്യും. അറസ്റ്റും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയും സോറനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റാഞ്ചിയിലെ ബാര്‍ഗെയ്ന്‍ പ്രദേശത്തെ 8.5-8.86 ഏക്കര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയും കള്ളപ്പണ ഇടപാടുമാണ് സോറനെതിരെയുള്ള കേസ്. സര്‍ക്കാര്‍ രേഖകള്‍ വ്യാജമായുണ്ടാക്കി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും കൈവശം വച്ചതായും ഇഡി പറയുന്നു.
കേസില്‍ 2024 ജനുവരി 31-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ 28-ന് സോറന്‍ ജാമ്യത്തിലിറങ്ങി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2024 നവംബറില്‍ നടന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സോറന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിച്ചു.
