പ്രധാനമന്ത്രിയുടെ ചായസത്കാരത്തിൽ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ആര്‍എസ്പി നേതാവും എംപിയുമായ എന് കെ പ്രേമചന്ദ്രനും പങ്കെടുത്തതിനെ വിമർശിച്ച് ജോൺബ്രിട്ടാസ് എംപി. പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ്ക്കാണോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. മഹാത്മഗാന്ധിയെ രണ്ടാമതും വധിച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ അത്തരമൊരു സത്കാരത്തിൽ പങ്കെടുത്ത്, പ്രധാനമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ച് പുകഴ്തിയ ഇവർ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.
advertisement
കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരും ഉന്നയിക്കുന്ന ചോദ്യം ഇതാണ്. തൊഴിലുറപ്പ് പദ്ധിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേരമാറ്റുന്ന ബില്ല് പാസാക്കി മണിക്കൂറുകൾക്കകം ചായ സൽക്കാരത്തിന് പ്രിയങ്ക ഗാന്ധി അടക്കം പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ കളങ്കമാണെന്നും ഇതിനൊക്കെ പോകാൻ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണമെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.
പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ കോലായിലെ സ്ഥിരം കഞ്ഞി വീഴ്‌ത്തിൽ പങ്കെടുക്കുന്നയാൾ എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പരിഹാസം. പ്രധാനമന്ത്രിയുടെ അനുമോദനങ്ങൾ കേൾക്കുമ്പോൾ പുളകം കൊള്ളാറുള്ളയാളാണ് പ്രേമചന്ദ്രനെന്നും ആർഎസ്‌പിയെ ആർഎസ്എസാക്കാനാണ് പ്രേമചന്ദ്രൻ ശ്രമിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് കേന്ദ്രസർക്കാർ നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ പൂർത്തിയായികഴിഞ്ഞു ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ തേയില സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് താൻ കരുതുന്നെന്നും അദ്ദേഹം പരിഹസിച്ചു
