കാലാവസ്ഥ അനുകൂലമെങ്കിൽ മുങ്ങല്‍ വിദഗ്ധരെ പുഴയില്‍ ഇറക്കി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും.
കാണാതായ ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുധനാഴ്ച അവസാന ഘട്ടത്തിലേക്ക് അടുത്തിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന നേവിയുടെ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിച്ചു.
കരയില്‍ നിന്ന് 20 മീറ്റര്‍ മാറി 15 അടി താഴ്ചയിലാണ് അര്‍ജുന്റെ ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവികസേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം മുന്നോട്ടുപോകാനായില്ല.
advertisement
30 അടിയോളം താഴ്ചയുള്ള പുഴയാണ് ഗംഗാവലി. നിലവില്‍ അടിയൊഴുക്ക് ശക്തമാണ്. അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തിയത് ന്യൂസ് 18 ആണ് ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പൊലീസും സ്ഥിരീകരിച്ചു.