കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് ഈ നിരോധനം ബാധകമാകും. വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിനാണ് വിലക്ക്. കൂടാതെ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പരീക്ഷകളിലെ കോപ്പിയടി തടയുന്നതിനാണ് നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്, പരീക്ഷാ നടത്തിപ്പ് ഏജൻസി പരീക്ഷാ സമയത്ത് താലിമാലയും (വിവാഹിതരായ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന മാലകൾ) വിരലിൽ അണിയുന്ന മോതിരങ്ങളും അനുവദിച്ചു.
കെഇഎ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പരീക്ഷാ ഹാളിൽ “തലയോ വായയോ ചെവിയോ മറയ്ക്കുന്ന ഏതെങ്കിലും വസ്ത്രമോ തൊപ്പിയോ” ധരിക്കുന്നത് ഇനി മുതൽ നിരോധിച്ചിരിക്കുന്നു. പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു. നവംബർ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളം നടക്കാനിരിക്കുന്ന വിവിധ ബോർഡ്, റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് കെഇഎയുടെ പ്രഖ്യാപനം.
advertisement
തൊഴിൽ വകുപ്പ്, കർണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്‌സ്), മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് (എംഎസ്‌ഐഎൽ), സൈനിക് വെൽഫെയർ ബോർഡ് തുടങ്ങിയ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിജാബ് ധരിച്ച് സ്ത്രീകൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. സ്‌കൂളുകളിലെ ഹിജാബ് സംബന്ധിച്ച സുപ്രീം കോടതി (എസ്‌സി) ഉത്തരവുമായി ഇത് കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ വ്യക്തമാക്കിയിരുന്നു.
Also Read- Karnataka hijab row | കർണാടകയിലെ ഹിജാബ് വിവാദം: വിവിധ രാജ്യങ്ങളിലെ ശിരോവസ്ത്ര നിയമങ്ങൾ അറിയാമോ?
അതേസമയം, കർണാടക സിവിൽ സർവീസ് പരീക്ഷയ്ക്കിടെ, പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ ‘താലിമാല’ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനികൾ ആരോപിച്ചു. കമ്മലുകൾ, ചെയിൻ, മോതിരം എന്നിവയുൾപ്പെടെയുള്ള മറ്റ് ആഭരണങ്ങൾ അഴിക്കാൻ പരീക്ഷ നടത്തിയ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിജാബ് ധരിച്ച സ്ത്രീകളെ പരിശോധനയ്ക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് അധികൃതർ അനുവദിച്ചു.