വിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ. കർണാടക വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും (പ്രതിരോധവും നിയന്ത്രണവും) ബിൽ, 2025 അടുത്തയാഴ്ച മന്ത്രിസഭ ചർച്ച ചെയ്യും. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഒരു വ്യക്തിയുടെ മതം, ജാതി, ലിംഗഭേദം അല്ലെങ്കിൽ ഭാഷ എന്നിവ കാരണം ദോഷം വരുത്തുന്നതോ വിദ്വേഷം പ്രചരിപ്പിക്കുന്നതോ ആയ ഏതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ ആശയവിനിമയത്തെയാണ് ബിൽ വിദ്വേഷ പ്രസംഗമായി നിർവചിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷയാണ് കുറ്റകൃത്യത്തിന് ലഭിക്കുക. കുടാതെ സോഷ്യൽ മീഡിയ കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികളെയും പ്ലാറ്റ്‌ഫോമുകളെയും അത്തരം ഉള്ളടക്കത്തിന് ഉത്തരവാദികളാക്കാനും ബിൽ നിർദ്ദേശിക്കുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു സംസ്ഥാന സർക്കാർ നടത്തുന്ന ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നാണിത്.
advertisement
വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ കുറ്റകൃത്യങ്ങൾ, വ്യക്തികളിലും ഗ്രൂപ്പുകളിലും സമൂഹങ്ങളിലും അവ ചെലുത്തുന്ന പ്രതികൂല ഫലങ്ങൾ, എന്നിവ ഫലപ്രദമായി തടയുന്നതിനും നിയന്ത്രിക്കാനുമാണ് നിയമനിർമാണമെന്ന് ബില്ലിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു.
വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും ജാമ്യമില്ലാ വകുപ്പുളായിട്ടായിരക്കും പരിഗണിക്കുക. മതം, ജാതി, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, ഗോത്രം, ഭാഷ അല്ലെങ്കിൽ വൈകല്യം എന്നിവ കാരണം ഒരാളെ ദ്രോഹിക്കുകയോ, അക്രമത്തിന് പ്രേരിപ്പിക്കുകയോ, അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും വിദ്വേഷ കുറ്റകൃത്യമായാണ് ബിൽ നിർവചിച്ചിരിക്കുന്നത്. ശത്രുത ഉളവാക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉദ്ദേശിച്ചുള്ള ഏതൊരു വാക്കാലുള്ളതോ, എഴുതിയതോ, ദൃശ്യപരമോ, ഡിജിറ്റൽ ആശയവിനിമയമോ വിദ്വേഷ പ്രസംഗത്തിൽ ഉൾപ്പെടുന്നു. പൊതുവായോ സ്വകാര്യമായോ പങ്കിടുന്ന ഉള്ളടക്കത്തിനും ഇത് ബാധകമാണ്.
വിദ്വേഷം പ്രോത്സാഹിപ്പിക്കാത്തിടത്തോളം കലാപരമായ സർഗ്ഗാത്മക സൃഷ്ടികൾ, അക്കാദമിക് അല്ലെങ്കിൽ ശാസ്ത്രീയ അന്വേഷണം, പൊതുതാൽപ്പര്യത്തിനായുള്ള ന്യായവും കൃത്യവുമായ റിപ്പോർട്ടിംഗ്, അല്ലെങ്കിൽ മതപരമായ വ്യവഹാരം എന്നിവയ്ക്ക് ഈ വ്യവസ്ഥകൾ ബാധകമല്ലെന്നും ബില്ലിൽ പറയുന്നു. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം, ബെലഗാവി സമ്മേളനത്തിൽ ബിൽ ഇരുസഭകളിലും അവതരിപ്പിക്കും.
