ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ സുപ്രധാന വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.
കേസിന്റെ നാൾവഴി
കർണാടക ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ജനുവരി മാസത്തിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികൾ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെ ഇവർ സമരരംഗത്തെത്തി. പ്രതിഷേധത്തിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
advertisement
Also Read-ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'
ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുകയും കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തി. സംഘർഷാവസ്ഥയിൽ എത്തിയതോടെ ദേശീയ തലത്തിൽ ചർച്ചയാകുകയും ചെയ്തു.
ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിത്. ഹര്‍ജിയില്‍ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിള്‍ ബെഞ്ച് ഹര്‍ജി വിശാലബെഞ്ചിലേക്ക് വിട്ടു.
ഫെബ്രുവരി പത്തിനാണ് വിശാല ബെഞ്ച് വാദം കേട്ടു തുടങ്ങിയത്. അന്തിമ തീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
Also Read-എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ
ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ,
1. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ല
2.ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല.
3. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ല
4. മൗലീക അവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം
5. യൂണിഫോം വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കുന്നില്ല.
6 സർക്കാരിന് നിയന്ത്രണം നടപ്പിലാക്കാൻ അവകാശമുണ്ട്
7. കർണാടക സർക്കാർ ഉത്തരവ് നിലനിൽക്കും.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അനുച്ഛേദം 14,19 ,25 ,ന്റെ ലംഘനമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സർക്കാർ വാദിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്നും സർക്കാർ വാദിച്ചു.