അനന്തനാഗ് നിവാസിയായ സരള ശ്രീനഗറിലെ ഷേര്‍-ഇ- കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സ് ആയിരുന്നു. ദക്ഷിണ കശ്മീരില്‍ നിന്നുള്ള സരള ഭട്ടിനെ 1990-ല്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. അന്ന് അവര്‍ക്ക് 27 വയസ്സായിരുന്നു പ്രായം. കാണാതായി അഞ്ച് ദിവസത്തിനുശേഷം പഴയ ശ്രീനഗറിലെ നഗരമധ്യത്തില്‍ നിന്ന് വെടിയുണ്ടകള്‍ തറച്ച നിലയില്‍ സരള ഭട്ടിന്റെ മൃതദേഹം കണ്ടെത്തി.
കശ്മീരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് മിക്കയാളുകളും താഴ്‌വര ഉപേക്ഷിച്ച് പോയിട്ടും അവിടെ തന്നെ തങ്ങിയ കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സരളയും.
advertisement
കശ്മീരി പണ്ഡിറ്റ് ജഡ്ജിയായിരുന്ന നീലകാന്ത് ഗഞ്ചുവിന്റെ കൊലപാതക കേസിന്റെ അന്വേഷണവും രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന അന്വേഷണ ഏജന്‍സി പുനരാരംഭിച്ചിരുന്നു. പിന്നാലെയാണ് സരള ഭട്ട് കേസിന്റെ അന്വേഷണവും വീണ്ടും തുറന്നിരിക്കുന്നത്. 2023-ലാണ് ഗഞ്ചുവിന്റെ കേസ് വീണ്ടും അന്വേഷിക്കാനാരംഭിച്ചത്. ജെകെഎല്‍എഫ് സ്ഥാപകന്‍ മുഹമ്മദ് മഖ്ബൂള്‍ ഭട്ടിന് വധശിക്ഷ വിധിച്ച ഗഞ്ചൂ 1989 നവംബറില്‍ ശ്രീനഗറിൽ കൊല്ലപ്പെടുകയായിരുന്നു.
കശ്മീരില്‍ കലാപം ആരംഭിച്ചതിനുശേഷം തീവ്രവാദികള്‍ നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകളെയാണ് കൊലപ്പെടുത്തിയത്. ഇത് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി 2017-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. താഴ്‌വരയില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തിന് 27 വര്‍ഷം പിന്നിട്ടെന്നും തെളിവുകള്‍ ലഭ്യമാകാന്‍ സാധ്യതയില്ല എന്നും വാദിച്ചുകൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
2023-ല്‍ റൂട്ട്‌സ് ഇന്‍ കശ്മീര്‍ എന്ന സംഘടന കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതും സുപ്രീം കോടതി തള്ളി. ഇതിനുപിന്നാലെ രണ്ടുമാസത്തിനുശേഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഭരണകൂടം ഗഞ്ചുവിന്റെ കൊലക്കേസ് അന്വേഷണം പുനരാരംഭിച്ചു. മറ്റ് കേസുകളിലും പുനരന്വേഷണം ഉണ്ടാകുമെന്ന സൂചനയും നല്‍കി.
1989 മുതല്‍ തീവ്രവാദികള്‍ 209 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 2008-ല്‍ ജമ്മു കശ്മീര്‍ പോലീസ് സ്വന്തം കേസുകളുടെ അടിസ്ഥാനത്തില്‍ സമാഹരിച്ച ഒരു റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ഇതില്‍ 109 പേര്‍ 1990-ല്‍ മാത്രം കൊല്ലപ്പെട്ടവരാണ്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായാണ് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പുകള്‍ പറയുന്നത്.
താഴ്‌വരയിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 24 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും 115 കേസുകളില്‍ കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് സര്‍വേ വെളിപ്പെടുത്തി. കുറ്റപത്രം സമര്‍പ്പിച്ച 24 കേസുകളില്‍ മുപ്പത്തിയൊന്ന് പ്രാദേശിക തീവ്രവാദികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.