ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നടന്ന അപകടത്തിൽ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തി. കാണാതായ മാധവിനായി തിരച്ചിൽ തുടരുകയാണ്.
അരുണാചൽ പോലീസ്, സശസ്ത്ര സീമാബെൽ (SSB), ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ വെളിച്ചക്കുറവ് പ്രതികൂലമായതിനെത്തുടർന്ന് മാധവിനായുള്ള തിരച്ചിൽ വൈകിട്ടോടെ താൽക്കാലികമായി നിർത്തിവെച്ചു.
ദിനുവിന്റെ മൃതദേഹം നിലവിൽ ജാംഗ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. അതേസമയം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റ് അഞ്ചുപേർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഹിമാലയൻ മലനിരകൾക്ക് നടുവിൽ സ്ഫടികസമാനമായി സ്ഥിതി ചെയ്യുന്ന സേല തടാകം, വർഷത്തിൽ ഭൂരിഭാഗം സമയവും മഞ്ഞുപുതച്ച അവസ്ഥയിലായിരിക്കും. തടാകത്തിന് ചുറ്റും സഞ്ചാരികൾക്കായി കോൺക്രീറ്റ് നടപ്പാതകൾ ഒരുക്കിയിട്ടുണ്ടെങ്കിലും, തടാകത്തിനുള്ളിലേക്ക് ഇറങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് കർശന വിലക്കുണ്ട്.
