മുസ്ലീം പള്ളികളുമായും സംഘടനകളുമായും ബന്ധപ്പെട്ട സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത കൊണ്ടുവരുന്ന നിയമമാണിതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ചരിത്രപരമായ വഖഫ് സ്വത്തുക്കള്‍ക്ക് ഭീഷണിയാകുന്ന നിയമമാണിതെന്ന വിമര്‍ശനവും ഉയരുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഡേറ്റ ബേസിലേക്ക് സ്വത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് സമയപരിധി നിശ്ചയിച്ചതിനാല്‍ വാക്കാല്‍ പറഞ്ഞുവെച്ചതോ കൃത്യമായ രേഖകളില്ലാത്തതോ ആയ വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
'' ഈ ഭേദഗതി ഇന്ത്യയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തും,'' എന്ന് ഹര്‍ജിയില്‍ പറയുന്നു.
advertisement
അതേസമയം സമാനമായ ആവശ്യവുമായി പ്രതിപക്ഷകക്ഷികളും രംഗത്തെത്തി. ഈ നിയമഭേദഗതി മുസ്ലീങ്ങളുടെ മൗലിക അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ വെവ്വേറെ ഹര്‍ജികള്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ആഴ്ചയാണ് വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. 2024 ഓഗസ്റ്റിലാണ് ഈ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ മുസ്ലീം സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് അയച്ചിരുന്നു.
രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കൈകാര്യം ചെയ്യലില്‍ സുതാര്യത വരുത്തുക എന്നതാണ് ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ രണ്ടിലെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍ ഏപ്രില്‍ 3ന് ബില്‍ ലോക്‌സഭ പാസാക്കി. 288 പേരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 232 പേര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. ഏപ്രില്‍ നാലിന് ബില്‍ രാജ്യസഭ പാസാക്കി. 128 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 95 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു. ഏപ്രില്‍ അഞ്ചിന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തു.