കൃഷി പ്രധാന വരുമാനമാര്‍ഗമായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദേശീയ കര്‍ഷകദിനം സമുചിതമായി ആഘോഷിച്ചു വരുന്നു. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി സംരംഭങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സുപ്രധാന പദ്ധതികള്‍ പരിചയപ്പെടാം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പിഎം -കിസാന്‍)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഒരു പ്രധാന പദ്ധതിയാണ് പിഎം കിസാന്‍. ഭൂമി കൈവശമുള്ള കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് കീഴില്‍ വരുന്ന കര്‍ഷക കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയാണിത്. വര്‍ഷത്തില്‍ മൂന്ന് തവണയായി ആകെ 6000 രൂപയാണ് ഈ പദ്ധതി പ്രകാരം കര്‍ഷകന് ലഭിക്കുക. 2019 ഫെബ്രുവരി 24നാണ് ഈ പദ്ധതി ആരംഭിച്ചത്.
advertisement
ഇക്കഴിഞ്ഞ ഒക്ടോബറില്‍ 18-ാമത്തെ ഗഡു കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. ഇതുവരെ 3.45 ലക്ഷം കോടി രൂപയാണ് പദ്ധതി പ്രകാരം കൈമാറിയിരിക്കുന്നത്. രാജ്യവ്യാപകമായി 11 കോടി കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന(പിഎംഎഫ്ബിവൈ)
തടയാനാകാത്ത പ്രകൃതിക്ഷോഭ അപകടങ്ങള്‍ക്കെതിരേ കര്‍ഷകര്‍ക്ക് സമഗ്രമായ റിസ്‌ക് കവറേജ് ഉറപ്പാക്കി, താങ്ങാവുന്ന വിള ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണിത്. 2016ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.
ഈ പദ്ധതിക്ക് കീഴിലുള്ള മാര്‍ഗനിര്‍ദേശമനുസരിച്ച് കര്‍ഷകരുടെ പ്രീമിയം വിഹിതം ഖാരിഫ് വിളകള്‍ക്ക് രണ്ട് ശതമാനം റാബി വിളകള്‍ക്ക് 1.5 ശതമാനം, വാണിജ്യ/ഹോര്‍ട്ടികല്‍ച്ചറല്‍ വിളകള്‍ക്ക് അഞ്ച് ശതമാനം എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴിലുള്ള മൊത്തം ക്ലെയിമുകളുടെ 1,67, 475 കോടിയില്‍ നിന്ന് 1.63,519 കോടി(98 ശതമാനം) ഇതിനകം അടച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി കിസാന്‍ മാന്ധന്‍ യോജന(പിഎം-കെഎംവൈ)
2019 സെപ്റ്റംബര്‍ 12നാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് കീഴില്‍ വരുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 60 വയസ്സ് പൂർത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കും. ഇതിന് യോഗ്യത നേടുന്നതിന് 18 നും 40നും ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് 60 വയസ്സ് തികയുന്നത് വരെ പ്രതിമാസം 55 രൂപ മുതല്‍ 200 രൂപ വരെ സംഭാവന നല്‍കേണ്ടതുണ്ട്.
അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(AIF)
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് പരിഹരിക്കുന്നതിനായും കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം സമാഹരിക്കുന്നതിനുമായി ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കും വായ്പ നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന് പുറമെ അടിസ്ഥാന സൗകര്യ വികസനമേഖലയിലും സംഘം ചേര്‍ന്നുള്ള കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികളിലും നിക്ഷേപം നടത്താനുള്ള അവസരം ഇത് നല്‍കുന്നു. ഈ പദ്ധതിക്ക് കീഴില്‍ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് വിതരണം ചെയ്യും. എന്നാല്‍, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2032-33 സാമ്പത്തിക വര്‍ഷം വരെ പിന്തുണ നല്‍കുകയും ചെയ്യും.
മോഡിഫൈഡ് ഇന്ററസ്റ്റ് സബ് വെന്‍ഷന്‍ സ്‌കീം
മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെയുള്ള വിള വളര്‍ത്തലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന യോഗ്യരായ കര്‍ഷകര്‍ക്ക് ഇളവുകളോട് കൂടി ഹ്രസ്വകാല കാര്‍ഷിക വായ്പ നല്‍കുന്നന്ന പദ്ധതിയാണിത്. ഈ സ്‌കീമിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഏഴ് പലിശ നിരക്കില്‍ മൂന്ന് ലക്ഷം വരെയുള്ള വായ്പകള്‍ നല്‍കുന്നു. കൂടാതെ, വായ്പകള്‍ വേഗത്തിലും സമയബന്ധിതമായും തിരിച്ചടയ്ക്കുന്നവര്‍ക്ക് 3% ധനസഹായവും നല്‍കുന്നു. അങ്ങനെ പലിശ നിരക്ക് പ്രതിവര്‍ഷം 4% ആയി കുറയ്ക്കുന്നു.
നമോ ഡ്രോണ്‍ ദീദി പദ്ധതി
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക്(എസ്എച്ച്ജി) ഡ്രോണുകള്‍ നല്‍കാനുള്ള നമോ ഡ്രോണ്‍ ദീദി പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയാണ് അംഗീകാരം നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 1,261 കോടി രൂപ ചെലവിട്ട് മൊത്തം 15,000 ഡ്രോണുകള്‍ ഇതിലൂടെ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട വള കമ്പനികള്‍ (Lead Fertilizer Companies -LFCs)-ആദ്യത്തെ 500 ഡ്രോണുകള്‍ വാങ്ങി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ഘട്ടത്തില്‍ 3090 എസ്എച്ച്ജികള്‍ക്ക് ഡ്രോണുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു.
രാഷ്ട്രീയ കൃഷി വികാസ് യോജന
കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിപണി സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിന് സഹായിക്കുന്നതിനും കൃഷിയിലും മറ്റ് അനുബന്ധ മേഖലകളിലും വിളവെടുപ്പിന് മുമ്പും ശേഷവും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലുമാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രാദേശിക കര്‍ഷകരുടെ ആവശ്യങ്ങളും മുന്‍ഗണനകളും അനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളും സ്വയംഭരണവും നല്‍കുന്നു.
