റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്ഐ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പറയാനാകുമെന്നും നിര്‍ണായക കണ്ടെത്തലാണിതെന്നും വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്‍റേതാണെന്നും വിഷ്ണു ശങ്കര്‍ അവകാശപ്പെട്ടു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 34 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി വിഷ്ണു ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
“കണ്ടെത്തപ്പെട്ട എല്ലാ വസ്തുക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, നിലവിലുള്ള ഘടനയിൽ മുൻ ഘടനയുടെ തൂണുകളുടെ ഉപയോഗമുണ്ട്. മുമ്പ് നിലനിന്നിരുന്ന ഘടന അവിടെ ഉണ്ടായിരുന്നു,” ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “മുമ്പ് നിലവിലുണ്ടായിരുന്ന നിർമിതിയുടെ കേന്ദ്ര ഘടന നിലവിലുള്ള പള്ളിയുടെ ഹാളായി ഉപയോഗിക്കുന്നു. ക്ഷേത്രത്തിന്റെ കേന്ദ്രഭാഗത്ത് ഒരു വലിയ അറയുണ്ടായിരുന്നു. വടക്കുഭാഗത്തും തെക്ക് കിഴക്കേ ഭാഗത്തും ഓരോ അറയുണ്ടായിരുന്നു. എന്നാൽ കിഴേക്ക് ഭാഗത്തുള്ളതൊഴിച്ചൊന്നും കണ്ടെത്താനായില്ല''- അദ്ദേഹം പറഞ്ഞു.
“മുമ്പുണ്ടായിരുന്ന ഘടനയുടെ സെൻട്രൽ ചേമ്പർ നിലവിലുള്ള ഘടനയുടെ സെൻട്രൽ ഹാളായി മാറി. കട്ടിയുള്ളതും ശക്തവുമായ മതിലുകളുള്ള ഈ ഘടന, എല്ലാ വാസ്തുവിദ്യാ ഘടകങ്ങളും പുഷ്പ അലങ്കാരങ്ങളും മസ്ജിദിന്റെ പ്രധാന ഹാളായി ഉപയോഗിച്ചു. മുമ്പുണ്ടായിരുന്ന ഘടനയുടെ അലങ്കരിച്ച കമാനങ്ങളുടെ താഴത്തെ അറ്റത്ത് കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങൾ വികൃതമാക്കി, താഴികക്കുടത്തിന്റെ ഉൾഭാഗം ജ്യാമിതീയ രൂപകല്പനകളാൽ അലങ്കരിച്ചിരിക്കുന്നു''- സിഎൻഎൻ-ന്യൂസ് 18ന് ലഭിച്ച എഎസ്ഐ റിപ്പോർട്ടിലെ ഉദ്ധരിണികളിൽ പറയുന്നു.
മസ്ജിദിന്റെ വിപുലീകരണത്തിനും നിർമാണങ്ങൾക്കുമായി തൂണുകള്‍ ഉൾപ്പെടെയുള്ള മുൻകാല ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ചെറിയ പരിഷ്കാരങ്ങളോടെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
''ഇടനാഴിയിലെ തൂണുകളിലും അതിന്റെ ഭാഗങ്ങളിലും നടത്തിയ പഠനത്തിൽ ഇവ മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിലവിലുള്ള ഘടനയിൽ അവയുടെ പുനരുപയോഗത്തിനായി, താമര പതക്കത്തിന്റെ ഇരുവശത്തും കൊത്തിയുണ്ടാക്കിയ രൂപങ്ങൾ വികൃതമാക്കുകയും കോണുകളിൽ നിന്ന് കല്ല് നീക്കം ചെയ്ത ശേഷം ആ സ്ഥലം പുഷ്പ രൂപകൽപ്പനകൊണ്ട് അലങ്കരിച്ചിരിക്കുന്നു, ”എഎസ്ഐ റിപ്പോർട്ടിന്റെ പേജ് 134ൽ പറയുന്നു.
ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എഎസ്ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്. ഡിസംബർ 18നാണ് സീൽ ചെയ്ത കവറിൽ കോടതിക്ക് എഎസ്ഐ റിപ്പോർട്ട് നൽകിയത്. നാലാഴ്ചത്തേക്ക് സർവേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതിയോട് എഎസ്ഐ അപേക്ഷിച്ചിരുന്നു. എന്നാൽ, സർവേ റിപ്പോർട്ട് കേസിൽ കക്ഷികളായ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് കൈമാറാമെന്നും എന്നാൽ പരസ്യമാക്കരുതെന്നും ബുധനാഴ്ച ജില്ല ജഡ്ജി എ കെ വിശ്വേഷ് വിധിച്ചിരുന്നു. കൂടാതെ, കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ല മജിസ്ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവർക്കും പകർപ്പ് നൽകാമെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
ഗ്യാൻവാപിയിൽ എഎസ്ഐ നടത്തിയ സർവേ റിപ്പോർട്ടിനായി 11 പേർ അപേക്ഷ നൽകിയിരുന്നു. ഹിന്ദു പക്ഷത്തുനിന്നുള്ള 5 ഹർജിക്കാരെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷകർ, അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി, കാശി വിശ്വനാഥ് ട്രസ്റ്റ്, ഉത്തർപ്രദേശ് സർക്കാർ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വാരാണസി ജില്ല മജിസ്ട്രേറ്റ് എന്നിവരാണ് റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷിച്ചത്.
Summary: A large Hindu temple existed before the construction of Gyanvapi Mosque in Varanasi, said Advocate Vishnu Shankar Jain, representing the Hindu side in the case while reading out the report from the Archaeological Survey of India’s (ASI) survey.