ലഷ്‌കർ-ഇ-തൊയ്ബയും ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകൾ നിയന്ത്രണ രേഖയിൽ (ലൈൻ ഓഫ് കൺട്രോൾ) ആക്രമണം നടത്തുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ട്. പാരാഗ്ലൈഡറുകളും അനുബന്ധ ഉപകരണങ്ങളും അടക്കം വ്യോമാക്രമണം നടത്താൻ സാധ്യതയുള്ള ഉപകരണങ്ങൾ എൽഇടിയും ഖലിസ്ഥാനി ഗ്രൂപ്പുകളും സംഭരിച്ചുവച്ചതായാണ് റിപ്പോർട്ട്. വ്യോമാക്രമങ്ങളും ഭീഷണികളും സംബന്ധിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.
ഇത് ഇന്ത്യയുടെ സുരക്ഷാ വലയത്തിൽ ഗുരുതരമായ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. വ്യോമ ഭീഷണികളെ കുറിച്ചും അതിനെ നേരിടുന്നതിനായുള്ള സമഗ്ര പ്രതിരോധ സൈനിക ക്രമീകരണങ്ങളെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ടാണ് ഈ വർഷം തയ്യാറാക്കിയിട്ടുള്ളത്. ഇന്തോ-പാക് അതിർത്തിയിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഇന്തോ-പാക് അതിർത്തിയിൽ വ്യോമാക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.
advertisement
അതിർത്തി പ്രദേശത്തുനിന്നും ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് അതിർത്തി സുരക്ഷാ സേന നിരവധി മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ഇതിന്റെയും റിപ്പോർട്ടിന്റെയും സമീപകാല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ മേഖലയിൽ നിരീക്ഷണവും പ്രതിരോധ സന്നാഹങ്ങളും വർദ്ധിപ്പിച്ചതായാണ് വിവരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ഡ്രോണുകൾ പറത്തുന്നതായി ഒന്നിലധികം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഡ്രോണുകൾ, റിമോട്ട് പൈലറ്റഡ് വെഹിക്കിളുകൾ (ആർപിവി), പാരാഗ്ലൈഡറുകൾ, ഹാംഗ്‌ഗ്ലൈഡറുകൾ, സമാന ഉപകരണങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളെയും മറ്റ് ഉയർന്ന മൂല്യമുള്ള സ്വത്തുക്കളെയും ലക്ഷ്യമിടുന്നതിനായി ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. യുദ്ധത്തിലും ഭീകരാക്രമണങ്ങളിലും അവയുടെ വർദ്ധിച്ചുവരുന്ന പങ്കും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇസ്രായേലിൽ ആക്രമണം നടത്താൻ ഹമാസ് മോട്ടോറൈസ്ഡ് പാരാഗ്ലൈഡറുകൾ ഉപയോഗിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
പരിശോധനകൾ ശക്തിപ്പെടുത്തിയതായും ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 12-ന് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്കും (എൽഒസി) അന്താരാഷ്ട്ര അതിർത്തിക്കും (ഐബി) അടുത്ത് നിന്ന് സംശയാസ്പദമായ സാഹചര്യങ്ങളിൽ ഡ്രോൺ പോലുള്ള വസ്തുക്കൾ കണ്ടിരുന്നതായും ഇത് സുരക്ഷാ സേനയെ സുരക്ഷാ നടപടികൾ സജീവമാക്കാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
