അഖിലേഷ് യാദവിനായി സമാജ്‌വാദി പാർട്ടി
സമാജ്‌വാദി പാർട്ടിയാണ് നേതൃമാറ്റത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്നത്. അഖിലേഷ് യാദവിന്റെ ത്യാഗമനോഭാവവും സംഘാടകശക്തിയും മുൻനിർത്തി അദ്ദേഹം സഖ്യത്തിന്റെ നേതാവാകണമെന്ന് അവർ ആവശ്യപ്പെടുന്നു.
"ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് വേണ്ടി അഖിലേഷ് യാദവ് നടത്തിയ വിട്ടുവീഴ്ചകൾ എല്ലാ പ്രതിപക്ഷ പാർട്ടികളും കണ്ടതാണ്. അതിനാൽ അദ്ദേഹത്തെ സഖ്യത്തിന്റെ നേതാവാക്കണം," എസ്പി എംഎൽഎ രവിദാസ് മെഹ്റോത്ര സിഎൻഎൻ ന്യൂസ് 18-നോട് പറഞ്ഞു.
ബിഹാറിൽ ഒരു സീറ്റിൽ പോലും മത്സരിക്കാതിരുന്നിട്ടും സഖ്യത്തിന് കരുത്തുപകരാൻ 26 വലിയ റാലികളിൽ അഖിലേഷ് പങ്കെടുത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസും ആർജെഡിയും തമ്മിൽ 13 സീറ്റുകളിൽ നടന്ന "സൗഹൃദ മത്സരങ്ങൾ" സഖ്യത്തിന്റെ വിശ്വാസ്യത തകർത്തെന്നും അദ്ദേഹം വിമർശിച്ചു. ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിയോട് മത്സരിക്കുന്നതിന് പകരം കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇതും വായിക്കുക: 'എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു?' മോദിയെ പ്രശംസിച്ച തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്
2027ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ എസ്പിക്ക് ശേഷിയുണ്ടെന്നും, എന്നാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ഒരുമിച്ച് നിൽക്കുന്നതെന്നും മെഹ്റോത്ര വ്യക്തമാക്കി. അഖിലേഷ് യാദവാണ് സഖ്യത്തിന്റെ യഥാർത്ഥ നേതാവെന്ന് എസ്പി വക്താവ് ഫക്രുൽ ഹസൻ ചന്ദും അഭിപ്രായപ്പെട്ടു.
പരിഹാസവുമായി എഎപി
മുന്നണിയിലെ ഭിന്നതകൾക്കിടയിൽ പരിഹാസവുമായി ആം ആദ്മി പാർട്ടിയും (എഎപി) രംഗത്തെത്തി. "തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരും വിനോദയാത്രയ്ക്ക് പോകാൻ പാടില്ലായിരുന്നു," എന്നായിരുന്നു ആരുടെയും പേരെടുത്ത് പറയാതെയുള്ള വിമർശനം. ബിഹാർ പ്രചാരണം നടക്കുന്നതിനിടെ നവംബർ 10-ന് മധ്യപ്രദേശിലെ സത്പുര കടുവാ സങ്കേതത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിനെയാണ് എഎപി ഉന്നമിട്ടത്. തങ്ങൾ ഇപ്പോൾ സഖ്യത്തിന്റെ ഭാഗമല്ലെന്നും എഎപി വ്യക്തമാക്കി (ജൂലൈയിൽ പാർട്ടി സഖ്യം വിട്ടിരുന്നു).
ബിഹാറിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെ ചൂണ്ടിക്കാട്ടി പാർട്ടി കടുത്ത ആത്മപരിശോധന നടത്തണമെന്നും എഎപി ആവശ്യപ്പെട്ടു.
സഖ്യം 'ഫിനിഷാ'യെന്ന് ബിജെപി
മുന്നണിയിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് ബിജെപിയും രംഗത്തെത്തി. INDI സഖ്യം ഫലത്തിൽ തകർന്നുകഴിഞ്ഞുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ കുറിച്ചു. പ്രതിപക്ഷ നേതാക്കൾ ഒടുവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രവചിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയെ പ്രതിപക്ഷം തള്ളിക്കളഞ്ഞതായും കോൺഗ്രസ് രണ്ടായി പിളരാൻ പോകുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിന്റെ പ്രതികരണം
വിമർശനങ്ങൾക്കിടയിലും മുന്നണിയിൽ ഐക്യമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. "INDI സഖ്യത്തിൽ എല്ലാവരും നേതൃസ്ഥാനത്താണ്, ഞങ്ങൾ ഒറ്റക്കെട്ടാണ്," എന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. എൻഡിഎയിൽ എല്ലാ തീരുമാനങ്ങളും ബിജെപിയാണ് എടുക്കുന്നതെന്നും എന്നാൽ തങ്ങളുടേത് കൂട്ടായ തീരുമാനങ്ങളാണെന്നും അദ്ദേഹം വാദിച്ചു.
നേരത്തെ, മമത ബാനർജി സഖ്യത്തെ നയിക്കണമെന്ന് ചില തൃണമൂൽ കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
