വിമാനസര്‍വീസുകള്‍ക്ക് എതിരെയുള്ള ഇത്തരം വ്യാജ ബോംബ് ഭീഷണികളെ നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഏവിയേഷന്‍ സ്ഥാപനങ്ങളുടെ പ്രോട്ടോക്കോളാണ് അധികൃതര്‍ പിന്തുടരുന്നത്. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം നിരവധി കൂടിയോലോചനകള്‍ നടത്തിയെന്നും അതിന്റെ ഫലമായി വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'രണ്ട് നിര്‍ദേശങ്ങളാണ് നമുക്ക് ലഭിച്ചത്. ഒന്ന് എയര്‍ ക്രാഫ്റ്റ് സെക്യൂരിറ്റി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുക. കൂടാതെ പിടിയിലാകുന്ന കുറ്റവാളികള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. രണ്ടാമതായി 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്,' എന്ന് അദ്ദേഹം പറഞ്ഞു.
advertisement
നിയമവിദഗ്ധര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയെന്നും വ്യാജ ബോംബ് ഭീഷണി പോലെയുള്ള കുറ്റകൃത്യങ്ങളെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. നിലവിലെ ഭീഷണികളുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചെന്നും എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിമാനകമ്പനികളുമായി ചര്‍ച്ചനടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഭ്യന്തര സര്‍വീസുകളെയും ഇന്റര്‍നാഷണല്‍ സര്‍വീസുകളെയുമാണ് ഇത്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ പ്രതിസന്ധിയിലാക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരെ മാത്രമല്ല ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ബാധിക്കുന്നത്. ഓരോ തവണ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുമ്പോഴും റദ്ദാക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈനുകള്‍ക്ക് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച മുംബൈയില്‍ നിന്ന് ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനം ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് വാര്‍ത്തയായിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനായി 100 ടണ്ണിലേറെ ഇന്ധനമാണ് കളഞ്ഞത്. ഇതിലൂടെ ഒരു കോടിയിലധികം രൂപയാണ് കമ്പനിയ്ക്ക് നഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടിയന്തര ലാന്‍ഡിംഗ് ചാര്‍ജ്, യാത്രക്കാരുടെ താമസ സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നിവയ്‌ക്കെല്ലാം വലിയൊരു തുകയാണ് ചെലവാകുന്നത്. ഡല്‍ഹിയില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഈയിനത്തില്‍ 3 കോടിയോളം രൂപയാണ് വിമാന കമ്പനികള്‍ക്ക് ചെലവായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 40ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശമാണ് ഇന്ത്യയിലെ വിവിധ എയര്‍ലൈനുകള്‍ക്ക് ലഭിച്ചത്. ഏകദേശം 60-80 കോടി രൂപയുടെ നഷ്ടമാണ് ഇത്തരം വ്യാജ ബോംബ് ഭീഷണി കാരണമുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിമാനങ്ങളിലെ ക്രൂ അംഗങ്ങള്‍ക്കും പ്രത്യേകം താമസ സൗകര്യം ഒരുക്കേണ്ടിവരുന്നുണ്ട്. അതിനായുള്ള ഹോട്ടല്‍ ചെലവുകളും കമ്പനി വഹിക്കുന്നുണ്ടെന്ന് പ്രമുഖ എയര്‍ലൈന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ കൃത്യസമയത്ത് ഫ്‌ളൈറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ വിമാന കമ്പനിയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതും എയര്‍ലൈനുകള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെയ്ക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.