ഝാൻസിയിലെ സർക്കാർ ഇന്റർ കോളേജ് ഗ്രൗണ്ടിലാണ് (ജിഐസി) മത്സരം നടന്നത്. ഏതാനും ആഴ്ചയകളുടെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്ര ക്രിക്കറ്റ് കളിക്കാൻ പോയത്. ഗ്രൗണ്ടിലുണ്ടായിരുന്ന സഹതാരങ്ങൾ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അന്ന് രാവിലെ വീട്ടിലായിരിക്കുമ്പോൾ രവീന്ദ്രയ്ക്ക് ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇളയ സഹോദരൻ അരവിന്ദ് അഹിർവാർ പറഞ്ഞു. അതിരാവിലെ ഉറക്കമുണർന്ന രവീന്ദ്ര പിതാവിനൊപ്പം ചായ കുടിച്ചു. ഇതിന് ശേഷം ജിഐസി ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അദ്ദേഹം ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. തുടർന്ന് രവീന്ദ്രയെ തൊട്ടടുത്തുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി അറിയിക്കുകയായിരുന്നു.
advertisement
മൂന്ന് സഹോദരന്മാരിൽ രണ്ടാമനായിരുന്നു രവീന്ദ്ര. രണ്ട് വർഷം മുമ്പാണ് എൽഐസിയിൽ ഡെവലപ്‌മെന്റ് ഓഫീസറായി ചേർന്നത്. ജോലിയിലും ക്രിക്കറ്റിലും രവീന്ദ്രയ്ക്ക് അതീവതാത്പര്യമുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഏതാനും ഓവറുകൾ പന്ത് എറിഞ്ഞ ശേഷം വെള്ളം കുടിക്കാനായി രവീന്ദ്ര കളി നിർത്തിയതായി ഗ്രൗണ്ടിലുണ്ടായിരുന്നവർ പറഞ്ഞു. വെള്ളം കുടിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഛർദിച്ചു. ഉടൻ മൈതാനത്ത് കുഴഞ്ഞു വീഴുകയും ചെയ്തു. നിർജലീകരണം സംഭവിച്ചതാകാമെന്നാണ് ആദ്യം ഒപ്പമുണ്ടായിരുന്നവർ കരുതിയത്. എന്നാൽ, രവീന്ദ്ര പ്രതികരിക്കാതിരുന്നപ്പോൾ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കുകയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
രവീന്ദ്രയ്ക്ക് ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് പ്രാഥമിക ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതായി രവീന്ദ്രയെ പ്രവേശിപ്പിച്ച മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സച്ചിൻ മഹോർ പറഞ്ഞു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമെ കണ്ടെത്താൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
