1860ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐപിസി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്.), ഭാരതീയ സാക്ഷ്യ (ബിഎസ്) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 143 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ‍് ചെയ്തതിന് പിന്നാലെ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയത്.
543 അംഗ ലോക്‌സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള എം പിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയും ബുധനാഴ്ചയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പാസാക്കുന്നത്. സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.
advertisement
നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്ന് ചര്‍ച്ചയില്‍ മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പുതിയ നിയമം. കൊളോണിയല്‍ ചിന്താഗതിയില്‍നിന്നും അടയാളങ്ങളില്‍നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങള്‍, ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു.
കേസില്‍പ്പെട്ട് രാജ്യത്തിന് പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കുമുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്നവ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് 7 ദിവസത്തെ സമയം ലഭിക്കും. അതിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവ് വരുമെന്നും ചര്‍ച്ചയ്ക്കിടെ അമിത് ഷാ പറഞ്ഞു.