ചാൾസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് 39കാരനായ ജോസ് ചാൾസ്. 2015ൽ ബിജെപിയിൽ ചേർന്നെങ്കിലും അടുത്തിടെ പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽ അത്ര സജീവമല്ല. ഇത്തവണ രണ്ടും കൽപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ നീക്കത്തിനാണ് ജോസ് ചാൾസ് ഒരുങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി എൻ രംഗസ്വാമി നയിക്കുന്ന ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസും ബിജെപിയും ചേർന്നാണ് പുതുച്ചേരി ഭരിക്കുന്നത്. 30 അംഗ നിയമസഭയിൽ എൻ ആർ കോൺഗ്രസിന് പത്തും ബിജെപിക്ക് ആറും അംഗങ്ങളുണ്ട്. ഭരണപക്ഷത്തിന് സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ആറും കോൺഗ്രസിന് രണ്ടും എംഎൽഎമാരാണുള്ളത്. 16 എംഎൽഎമാരുണ്ടെങ്കിൽ മുഖ്യമന്ത്രിയാകാം എന്ന കണക്കിലെ കളിയിലാണ് ജോസ് ചാൾസ് പ്രതീക്ഷയർപ്പിക്കുന്നത്.
advertisement
ബിജെപിയില്‍ നിലവിൽ മന്ത്രിസ്ഥാനം ലഭിക്കാത്ത എംഎൽഎമാരെ കൂടെ കൂട്ടാനാണ് ജോസ് ചാൾസിന്റെ ശ്രമം. മന്ത്രിസ്ഥാനം ലഭിക്കാത്ത എ ജോൺ കുമാർ, വിവിലിയൻ റിച്ചാർഡ്‌സ്, പിഎംഎൽ കല്യാണസുന്ദരം എന്നീ ബിജെപി എംഎൽഎമാരും എം ശിവശങ്കർ, പി ആഞ്ചലേൻ, ഗൊല്ലാപ്പള്ളി ശ്രീനിവാസ് അശോക് എന്നീ സ്വതന്ത്ര എംഎൽഎമാരും ഭരണപക്ഷവുമായി അത്ര നല്ല ബന്ധത്തിലല്ല.
ഇതിനിടെ, നവംബറിൽ ജോൺ കുമാർ എംഎൽഎ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജോസ് ചാൾസ് മുഖ്യാതിഥിയായി എത്തി. മറ്റ് നാല് എംഎൽഎമാരും ഇതിൽ പങ്കെടുത്തിരുന്നു. എല്ലാവരും ചേർന്ന് ജോസ് ചാൾസിന് വലിയ വരവേൽപ്പ് നൽകുകയും അദ്ദേഹത്തിൻ്റെ പേരും ചിത്രവുമുള്ള സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ, ബിജെപി പിളർത്താനുള്ള ശ്രമമാണ് ജോസ് ചാൾസ് നടത്തുന്നതെന്ന സൂചനകൾ ശക്തമായി. എൻ ആർ കോൺഗ്രസിൽ എൻ രംഗസ്വാമിയോട് എതിർപ്പുള്ളവരും ഈ അവസരം മുതലെടുക്കാൻ കാത്തിരിക്കുകയാണ്.
ജെസിഎം മക്കൾ മൻട്രം എന്ന പേരിൽ ജോസ് ചാൾസിന് ഒരു സംഘടനയുണ്ടെങ്കിലും പുതിയ പാർട്ടിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യത്തിനാണ് ജോസ് ചാൾസ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോസ് ചാൾസിന്റെ സഹോദരി ഡെയ്‌സി മാർട്ടിനെ വിവാഹം ചെയ്തിരിക്കുന്നത് ടിവികെയുടെ ജനറൽ സെക്രട്ടറി ആദവ് അർജുനയാണെന്നതും അഭ്യൂഹത്തിന് ശക്തിപകരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിലെ പലരും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ആരും വിജയിച്ചിട്ടില്ല. സാന്റിയാഗോ മാർട്ടിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്വാധീനമാണ് എല്ലാ കക്ഷികളെയും ഒരുപോലെ ഭയപ്പെടുത്തുന്നത്. പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പട്ടികയിൽ മുൻനിരയിലുള്ള സാന്റിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങളിൽ ജോസ് ചാൾസ് ഉൾപ്പെടെ ഇഡിയുടെ നിരീക്ഷണത്തിലാണ്.
Summary: Jose Charles Martin, son of the 'Lottery King' Santiago Martin, is venturing into politics with the aim of capturing power in Puducherry. According to reports, Jose Charles is planning to announce a new political party in December, with the objective of securing the administration in Puducherry, where elections are scheduled for 2026.
