ജസ്റ്റിസ് പ്രേം നാരായണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ''ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടണമെങ്കില്‍ നിയമപരമായി വിവാഹിതയായ ഭാര്യ ആയിരിക്കണമെന്ന് നിയമത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീ ആദ്യ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തി രണ്ടാം വിവാഹം കഴിച്ചാല്‍ മാത്രമെ അയാളുടെ ജീവനാംശത്തിന് അര്‍ഹതയുള്ളൂ. ആദ്യ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍നിന്ന് വിവാഹ മോചന ഉത്തരവ് നേടുകയോ ചെയ്യുമ്പോള്‍ മാത്രമെ രണ്ടാമത് വിവാഹം ചെയ്തയാളിൽനിന്ന് ജീവനാംശം അവകാശപ്പെടാന്‍ കഴിയൂ,'' കോടതി വ്യക്തമാക്കി.
advertisement
രണ്ടാം ഭർത്താവിൽനിന്ന് തനിക്ക് ജീവനാംശം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, രണ്ടാമത്തെ വിവാഹ ബന്ധത്തിലുള്ള മകള്‍ക്ക് പ്രായപൂര്‍ത്തിയാകുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് വരെ പ്രതിമാസം 5000 രൂപ ജീവനാംശം നല്‍കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു.
''ഹിന്ദു ആചാരപ്രകാരം 2005ല്‍ എതിർകക്ഷിയെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ ഒരു മകളുണ്ടായി. തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരിലും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും ഭര്‍ത്താവും കുടുംബവും തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നു. കൃഷി, കറുപ്പ് വ്യാപാരം, വസ്തു ഇടപാടുകള്‍ എന്നിവയില്‍ നിന്ന് ഗണ്യമായ വരുമാനം ഉണ്ടായിരുന്നിട്ടും ഭര്‍ത്താവ് തന്നെയും മകളെയും അവഗണിച്ചു'', ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍, യുവതി ആദ്യം മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരുന്നതായും ആ വിവാഹബന്ധം വേര്‍പ്പെടുത്താത്തതിനാല്‍ താനുമായുള്ള വിവാഹം അസാധുവാണെന്നും എതിർകക്ഷി വാദിച്ചു.
അതേസമയം, ഹര്‍ജിക്കാരി ആദ്യം വിവാഹം കഴിച്ചതിന് മതിയായ തെളിവുകളുണ്ടെന്നും വിവാഹമോചന ഉത്തരവൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി. മുന്‍വിവാഹം നിയമപരമായി വേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാമത്തെ വിവാഹത്തില്‍നിന്ന് ജീവനാംശം അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ''നിയമപരമല്ലെങ്കില്‍ പോലും രണ്ടാം വിവാഹത്തിലുണ്ടായ കുട്ടിക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, ഭാര്യക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയില്ല. നിയമപരമായി വിവാഹിതയായ ഭാര്യക്ക് മാത്രമെ ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ,'' കോടതി പറഞ്ഞു.
അതേസമയം, ഇത്തരം സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി സമാനമായ സാഹചര്യങ്ങളിൽ നിയമപരമായ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ''അനേകം സ്ത്രീകള്‍, പ്രത്യേകിച്ച് സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, ഈ രീതിയില്‍ പതിവായി ചൂഷണം ചെയ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നിരീക്ഷിക്കുന്നു. നിയമത്തിലെ ഈ പഴുതുകള്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നു,''കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് ജീവനാംശം അനുവദിക്കുകയും അതേസമയം, ഹര്‍ജിക്കാരിക്ക് ജീവനാംശം നിഷേധിക്കുകയും ചെയ്ത കുടുംബക്കോടതിയുടെ തീരുമാനം ശരിവെച്ച് റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
