അബ്ദുള്‍ മാലിക് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഡല്‍ഹിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതിയെ ഹല്‍ദ്വാനിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭാന്‍പോല്‍പുരയിലെ മദ്രസ അധികൃതര്‍ പൊളിച്ചതിനോടനുബന്ധിച്ചാണ് സംഘര്‍ഷം നടന്നത്.
മാലികിനെയും മകനെയും മറ്റ് മൂന്ന് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിക്, ജിസാന്‍ പര്‍വേസ്, ജാവേദ് സിദ്ധിഖി, മെഹബൂബ് അലാം, അര്‍ഷാല്‍ അയൂബ് എന്നിവരാണ് പോലീസ് പിടിയിലായത്. സംഘര്‍ഷം ആസൂത്രണം ചെയ്തു, പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേൽ ചുമത്തിയിരിക്കുന്നത്.
advertisement
സമാജ് വാദി പാര്‍ട്ടി നേതാവ് മാറ്റിന്‍ സിദ്ധീഖീയുടെ സഹോദരനാണ് പിടിയിലായ ജാവേദ് സിദ്ധിഖി. സിസിടിവി ദൃശ്യങ്ങളാണ് ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഘര്‍ഷം ആസൂത്രിതമാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ആക്രമണത്തിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസും അറിയിച്ചു.
അതേസമയം ഉത്തരാഖണ്ഡ് നിയമസഭ എകീകൃത സിവില്‍ കോഡിന് അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹല്‍ദ്വാനി സംഘര്‍ഷം നടന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെ 5000ലധികം പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. കൂടുതല്‍ പേര്‍ സംഘര്‍ഷത്തിന് നേതൃത്വം കൊടുത്തിട്ടുണ്ടോ എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
സംഘര്‍ഷത്തിന് പോലീസുകാര്‍ക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി പറഞ്ഞു. പോലീസ് സ്റ്റേഷന് നേരെ ആക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ നിരവധി പോലീസ് വാഹനങ്ങള്‍ കത്തിനശിച്ചെന്നും അദ്ദേഹം പറഞ്ഞു.
'' ഉത്തരാഖണ്ഡ് ദേവഭൂമിയാണ്. ഇങ്ങനെയൊരു സംഭവം ഇവിടെ ഇതുവരെ നടന്നിട്ടില്ല. ഇവിടുത്തെ സമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവരാണ് നിയമം കൈയ്യിലെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വരെ ആക്രമണം ഉണ്ടായി. അവരുടെ ക്യാമറകള്‍ തകര്‍ക്കപ്പെട്ടു. പൊതുമുതലും നശിപ്പിക്കപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമികള്‍ക്കെതിരെ നടപടിയെടുക്കും,'' പുഷ്‌കര്‍ സിംഗ് ദാമി പറഞ്ഞു.