ദമ്പതികള്‍ക്ക് വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ച് ചെന്നൈയിലെ ഒരു കുടുംബകോടതി 2023ല്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ. നിഷ ബാനു, ആര്‍ ശക്തിവേല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച ബെഞ്ച് ഇരുവര്‍ക്കും വിവാഹമോചനവും നല്‍കി.
2015 സെപ്റ്റംബറിലാണ് ദമ്പതികള്‍ വിവാഹിതരായതെന്ന് ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിആര്‍ കമലനാഥന്‍ കോടതിയെ അറിയിച്ചു. 2016 ജൂലൈയില്‍ ഇരുവര്‍ക്കും ഒരു കുട്ടി ജനിച്ചു. എന്നാല്‍ കുടുംബജീവിതത്തില്‍ സംഘര്‍ഷം പതിവായതോടെ 2017ല്‍ ഭര്‍ത്താവ് വിവാഹമോചനം തേടി.
advertisement
വിവാഹം കഴിഞ്ഞ് ആദ്യ രണ്ടുവര്‍ഷങ്ങള്‍ ഭാര്യ ആകെ 51 ദിവസം മാത്രമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം അവര്‍ സ്വന്തം വീട്ടിലാണ് കഴിഞ്ഞത്. ഭാര്യ തന്നോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്നും എപ്പോഴും വഴക്കുണ്ടാക്കിയിരുന്നതായും ഭര്‍ത്താവ് ആരോപിച്ചു. ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചശേഷം ഭര്‍തൃപിതാവ് തന്നോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നും ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും ആരോപിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, ഈ പരാതി പിന്നീട് പിന്‍വലിച്ചു. ഇത്തരത്തില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു തരത്തില്‍ തന്റെ കക്ഷിയെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു.
ഭര്‍ത്താവ് തന്നോടൊപ്പം ജീവിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് താന്‍ പരാതി പിന്‍വലിച്ചതെന്ന് ഭാര്യ വാദിച്ചു. എന്നാല്‍ ഈ വാക്ക് പാലിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതിനാല്‍ ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ഒരു ഹര്‍ജി ഫയല്‍ ചെയ്യുകയും കുടുംബകോടതിയില്‍ നിന്ന് അത് അനുവദിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.
ഭര്‍ത്താവ് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ഭാര്യ ക്രിമിനല്‍ കോടതിയില്‍ നല്‍കിയ പരാതി പുനരുജ്ജീവിപ്പിക്കുകയും ഭര്‍ത്താവിനും ഭാര്യാപിതാവിനുമെതിരായ കുറ്റം ക്രമിനല്‍ കോടതിയില്‍ തെളിയിക്കുകയും ചെയ്യണമായിരുന്നുവെന്ന് ജസ്റ്റിസ് ശക്തിവേല്‍ പറഞ്ഞു.
ഭാര്യ ആരോപിച്ച ആരോപണങ്ങള്‍ ഇപ്പോഴും അടിസ്ഥാന രഹിതമായി തുടരുകയാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കളങ്കവും മാനസിക വേദനയുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമായെന്നും കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ബെഞ്ച് പറഞ്ഞു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും സ്ത്രീക്കും കുട്ടിക്കും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.