പുതിയ സേവനങ്ങള്‍ നല്‍കുന്നതിലും സുരക്ഷാ നിബന്ധനകള്‍ പാലിക്കുന്നതിലും ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ഇത്തരം നല്ല കാര്യങ്ങള്‍ ഇന്ത്യന്‍ റയില്‍വേ നടത്തുന്നതിനിടയിലും യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ ട്രെയിനില്‍ ഇപ്പോഴും തുടരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ അത്തരമൊരു സംഭവം വ്യാപകമായ പ്രതിഷേധത്തിനും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായി.
ട്രെയിന്‍ യാത്രികനോടുള്ള പാന്‍ട്രി ജീവനക്കാരുടെ മോശം പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോയിലുള്ളത്. സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് ഒരു പാന്‍ട്രി ജീവനക്കാരനില്‍ നിന്നും 20 രൂപയ്ക്ക് കുപ്പിവെള്ളം വാങ്ങിയപ്പോള്‍ ബില്ല് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 20 രൂപയുടെ കുപ്പി വെള്ളത്തിന് ബില്ല് വേണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. 20 രൂപയ്ക്ക് വിറ്റ കുപ്പി വെള്ളത്തിന്റെ ബില്ല് വേണമെന്ന് യുവാവ് ആവര്‍ത്തിച്ച് പറയുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു വില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ ചായയ്ക്കും യാത്രക്കാരന്‍ ബില്ല് ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഈ യാത്രക്കാരന്‍ തന്നെയാണ് ചിത്രീകരിച്ചത്.
advertisement
ബില്ല് ചോദിച്ചതില്‍ അസ്വസ്ഥനായ പാന്‍ട്രി ജീവനക്കാരന്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും വീഡിയോ റെക്കോര്‍ഡിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രശ്‌നം വഷളായി. എന്നാല്‍, യാത്രക്കാരനായ യുവാവ് തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. റയില്‍വേ സംരക്ഷണ സേനയെ (ആര്‍പിഎഫ്) ബന്ധപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. സാഹചര്യം ശാന്തമാക്കാനുള്ള ശ്രമത്തില്‍ ട്രെയിനിലെ മറ്റൊരു വില്‍പ്പനക്കാരന്‍ അദ്ദേഹത്തിന് കുപ്പി വെള്ളത്തിന്റെ 20 രൂപ തിരിച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് റീഫണ്ടല്ല ശരിയായ ബില്ലാണ് വേണ്ടതെന്ന് യാത്രക്കാരന്‍ നിര്‍ബന്ധം പിടിച്ചു.
എന്നാല്‍ ബില്ല് കൊടുക്കുന്നതിന് പകരം പാന്‍ട്രി ജീവനക്കാരന്‍ യുവാവിന് സാധനങ്ങള്‍ വിറ്റിട്ടില്ലെന്ന് ആരോപിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോകുന്നില്ലെന്ന് കണ്ടതോടെ പാന്‍ട്രിയിലെ മുതിര്‍ന്ന ജീവനക്കാരന്‍ സഹപ്രവര്‍ത്തകരോട് ഈ യാത്രക്കാരനെ പാന്‍ട്രിയിലേക്ക് ബലമായി കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. യാത്രക്കാരന്റെ ക്യാമറ ബലമായി ഓഫ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
പാന്‍ട്രി ഏരിയയില്‍വച്ച് ജീവനക്കാര്‍ തന്നെ മര്‍ദ്ദിച്ചതായും അപമാനിച്ചതായും യാത്രക്കാരന്‍ ആരോപിക്കുന്നു. തുടര്‍ന്നുള്ള വീഡിയോയില്‍ യാത്രക്കാരന്‍ അസ്വസ്ഥനായിരിക്കുന്നതും അവശനായിരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ട്രെയിനില്‍ തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന്‍ പങ്കുവെച്ചത്. "ഇന്ത്യന്‍ റയില്‍വേയിലെ യാത്രക്കാര്‍ക്ക് സംഭവിക്കുന്നത് ഇതാണ്" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് വൈറലായി.
അമിത നിരക്ക് ഈടാക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കുകയുമാണുണ്ടായതെന്നും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ശരിക്കും ഭയമാണെന്നും തനിക്ക് സഹായം ആവശ്യമാണെന്നും യുവാവ് എക്‌സില്‍ കുറിച്ചു. സംഭവം ഐആര്‍സിടിസിയുടെയുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പിന് വിവരം നല്‍കിയിട്ടുണ്ടെന്നും ഇതിനും മുമ്പും നടന്നിട്ടുള്ള സമാനമായ സംഭവങ്ങളില്‍ റയില്‍വേ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഐആര്‍സിടിസി അറിയിച്ചു.
ട്രെയിനിലെ യാത്രക്കാരുടെ അവകാശങ്ങള്‍, പാന്‍ട്രി ജീവനക്കാരുടെ പെരുമാറ്റം, ട്രെയിനുകളിലെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം തുടക്കമിട്ടു. നിരവധി ഉപയോക്താക്കള്‍ ഇരയുടെ ഭയത്തെ കുറിച്ച് സംസാരിക്കുകയും സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഓണ്‍ബോര്‍ഡ് സേവനങ്ങളില്‍ കര്‍ശനമായ നിരീക്ഷണവും സുതാര്യതയും വേണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു.
ഇത്തരത്തില്‍ ഒരു തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. വിലനിര്‍ണ്ണയത്തെയും ബില്ലിനെയും ചൊല്ലി യാത്രക്കാര്‍ പാന്‍ട്രി ജീവനക്കാരുമായി ഏറ്റുമുട്ടുന്നതിന്റെ വീഡിയോകള്‍ മുമ്പും നിരവധി തവണ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍, 20 രൂപ ബില്ലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യാത്രക്കാരന് ശാരീരിക പീഡനം നേരിട്ടതായി ആരോപിക്കപ്പെടുന്ന സംഭവം ഞെട്ടലുണ്ടാക്കി. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് യുവാവ് എക്‌സില്‍ പങ്കിട്ടത്. പാന്‍ട്രി ജീവനക്കാരില്‍ നിന്നും വിവരിക്കാന്‍ സാധിക്കാത്തവിധം അപമാനവും മര്‍ദ്ദനവും നേരിട്ടതായും തനിക്ക് നീതി വേണമെന്നും അയാള്‍ വീഡിയോയുടെ അവസാനം പറയുന്നുണ്ട്.